നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്സിന്‍ വിദേശത്തേക്ക് അയച്ചതെന്തിന്? ഞാനും ചോദിക്കുന്നു, എന്നേയും അറസ്റ്റ് ചെയ്യൂ; കേന്ദ്രത്തോട് പ്രകാശ് രാജ്

ബംഗളൂരു: കൊവിഡ് വാക്സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് 15 പേര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോസ്റ്റര്‍ പ്രചരിപ്പിച്ച് പ്രതിഷേധം. ഇതിന് പിന്നാലെ പ്രതികരണവുമായി നടന്‍ പ്രകാശ് രാജും രംഗത്തെത്തിയിരിക്കുകയാണ്.

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്സിന്‍ എന്തിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയത്? എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, സംഭവം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുകയാണ്. വിഷയത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. പോസ്റ്ററുകള്‍ക്കു പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പോസ്റ്ററുകള്‍ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. 500 രൂപയ്ക്ക് വേണ്ടിയാണ് പോസ്റ്റര്‍ പതിച്ചതെന്നും ഇതിന് പിന്നില്‍ വേറെ ആളുകളാണെന്നും അറസ്റ്റിലായ ഒരാള്‍ പറഞ്ഞതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News