തമിഴ്നാട്: നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. നീറ്റ് പരീക്ഷ പാവപ്പെട്ട വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാക്കുമെന്ന് കത്തിൽ പറയുന്നു. അമിത്ഷായുടെ സന്ദർശനത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ നീക്കം. ഡിഎംകെ ഇപ്പോൾ നീറ്റ് വിരുദ്ധ ബിൽ വീണ്ടും ഉയർത്തിക്കൊണ്ടുവരികയാണ്.
നീറ്റ് പരീക്ഷ ഒഴിവാക്കി കൊണ്ട് പ്ലസ് ടൂ മാർക്ക് കണക്കാക്കി മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നൽകുന്ന പഴയ രീതി കൊണ്ടുവരണം എന്നാണ് ഇപ്പോൾ സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കുമോ എന്നുള്ള ആശങ്ക കാരണം വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പാവപ്പെട്ട തമിഴ്വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാക്കുന്നതാണ് നീറ്റ് പരീക്ഷ, അതൊഴിവാക്കണം എന്നാണ് തമിഴ്നാടിന്റെ ആവശ്യം.
തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തെ തള്ളി കനിമൊഴി എംപി രംഗത്ത് വന്നിരുന്നു. തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്ന് കനിമൊഴി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബിജെപി മിടുക്കരാണ്. ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡിഎംകെയെന്നും കനിമൊഴി പറഞ്ഞു.
തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ആദ്യം തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ. എന്നിട്ട് മതി, തമിഴനെ പ്രധാനമന്ത്രി ആക്കുമെന്ന പ്രഖ്യാപനമെന്നും കനിമൊഴി കൂട്ടിച്ചേർത്തു.
പാർട്ടി പ്രവർത്തകരുമായി അടച്ചിട്ട മുറിയിൽ നടത്തിയ രഹസ്യചർച്ചയിൽ തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ.മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതിൽ നിന്ന് ഡിഎംകെ തടഞ്ഞുവെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.