പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ രണ്ടു വനം വികസന കോർപറേഷൻ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഗവിയിലെ കെഎഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
ഇരുവരും വനം വകുപ്പിന്റെ കസ്റ്റഡിയിൽ ആണ്. കേസിലെ രണ്ട് പ്രതികളെയും റാന്നി കോടതിയിൽ എത്തിച്ചു. അന്വേഷണം വ്യാപിപ്പിച്ചു എന്ന് പച്ചക്കാനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ ജയപ്രകാശ് പറഞ്ഞു. ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും. നിലവിൽ കസ്റ്റഡിയിൽ ഉള്ള പ്രതികളെ ചോദ്യം ചെയ്തു.
പൊന്നമ്പലമേട്ടിൽ കടന്നു കയറിയവർ ശ്രമിച്ചത് ശബരിമലയുടെ പാവനത കളങ്കപ്പെടുത്താനും അയ്യപ്പ ഭക്തരെ അവഹേളിക്കാനുമാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ഹിന്ദുമത വിശ്വാസികളെ അപമാനിക്കുന്നതാണ് അതിക്രമിച്ച് പൂജ നടത്തിയവരുടെ പ്രവര്‍ത്തിയെന്നും കരുതിക്കൂട്ടിയുള്ള നടപടിയാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 295,447,34 എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
പൊന്നമ്പലമേട്ടിലെ കടന്നുകയറ്റം വനംവകുപ്പ് അറിഞ്ഞാണെങ്കിലും, അറിയാതെ ആണെങ്കിലും വീഴ്ചയാണ്. പ്രതികൾക്ക് ശബരിമല ആരാധനാ സംവിധാനങ്ങളുമായി യാതൊരു ബന്ധവുമില്ല. കർശന നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.
ദേവസ്വം ബോർഡ് വനം വകുപ്പ് മേധാവിക്കടക്കം പരാതി നൽകിയിട്ടുണ്ട്. പൂജ നടത്തിയ നാരായണസ്വാമിയെ മുഖ്യപ്രതിയാക്കി വനം വകുപ്പ് എടുത്ത കേസിൽ അന്വേഷണം തുടരുകയാണ്. ആകെ 9 പേരാണ് പ്രതികൾ . ഇന്നലെ കേരള വനം വികസന കോർപ്പറേഷൻ ഗവി ഡിവിഷനിലെ ജീവനക്കാരായ രാജന്ദ്രൻ കറുപ്പയ്യ(51), സാബു മാത്യു(49) എന്നിവർ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി നാരായണൻ സ്വാമിക്കായുള്ള തിരച്ചിൽ തുടരുകയാണ്.