എസ്.എഫ്.ഐ പരിപാടിയില്‍ പങ്കെടുത്ത പോലീസുകാരനെതിരെ ഡി.ജി.പിക്ക് പരാതിയുമായി കോണ്‍ഗ്രസ് നേതാവ്

പത്തനംതിട്ട: എസ്എഫ്‌ഐ സംഘടിപ്പിച്ച പൂര്‍വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പങ്കെടുത്ത പോലീസുകാരനെതിരേ ഡിജിപിക്ക് പരാത നല്‍കി കോണ്‍ഗ്രസ് നേതാവ്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിച്ച പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെങ്ങന്നൂര്‍ ട്രാഫിക് സ്റ്റേഷനിലെ സിപിഒ വിവേകിനെതിരേ കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ ഞായറാഴ്ച പന്തളത്ത് എസ്എഫ്‌ഐ സംഘടിപ്പിച്ച പൂര്‍വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വിവേക് പങ്കെടുത്തുവെന്നാണ് ഷുക്കൂറിന്റെ പരാതി. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നും പരിപാടിയുടെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, ആരോപണവിധേയനായ വിവേക് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്ത പോലീസുകാരെ സസ്പെന്‍ഡ് ചെയ്തത്. എറണാകുളം റൂറലിലെയും സിറ്റിയിലെയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News