വിവാഹ വാഗ്ദാനം നല്‍കി കാറിലും വീട്ടിലും വച്ച് പീഡിപ്പിച്ചു; യുവതിയുടെ പരാതിയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ പിടിയില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി ബി. ടെക് ബിരുദധാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഇന്‍സ്പെക്ടറെ കോടതി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം മുളവുകാട് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറുമായ മരട് സ്വദേശി പനച്ചിക്കല്‍ പി.ആര്‍ സുനുവിനെയാണ് (44) തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത് കുമാര്‍ റിമാന്‍ഡ് ചെയ്തത്.

പട്ടികജാതിക്കാരിയായ യുവതി മറ്റൊരു കേസില്‍ പരാതി നല്‍കാനായി മുളവുകാട് സ്റ്റേഷനിലെത്തിയ സമയം പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പലതവണ കാറില്‍വച്ചും പ്രതിയുടെ വീട്ടില്‍ എത്തിച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ബന്ധം വേര്‍പെടുത്തി പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പിന്നെയും പലതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തൃശൂര്‍ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മുമ്പില്‍ കീഴടങ്ങിയ പ്രതിയുടെ കസ്റ്റഡി കഴിഞ്ഞതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News