മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടു തവണ സുശാന്ത് ഫോണില്‍ വിളിച്ചു; റിയാ ചക്രവര്‍ത്തിയെ പോലീസ് ചോദ്യം ചെയ്തു
മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ സുഹൃത്തും നടിയുമായ റിയാ ചക്രവര്‍ത്തിയെ പോലീസ് ചോദ്യം ചെയ്തു. കേസന്വേഷിക്കുന്ന ബാന്ദ്രാ പോലീസാണ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അര്‍ധരാത്രി രണ്ട് തവണ സുശാന്ത് നടിയെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിരുന്നു.
വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന സുശാന്ത് നടിക്കൊപ്പം ആശുപത്രിയില്‍ വന്നിരുന്നെന്ന് ചികിത്സിച്ച് ഡോക്ടറും മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും. സുശാന്തിന്റെ മൂന്ന് സഹോദരിമാരുടേയും ജോലിക്കാരുടേയും ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ മുകേഷ് ഛബ്രയുടേയും മൊഴികള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
മുംബൈയിലെ ബാന്ദ്രയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തുമണിക്കും ഒരുമണിക്കുമിടയിലാണ് സുശാന്തിന്റെ മരണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്.
അതേസമയം ആത്മഹത്യാക്കുറിപ്പൊന്നും തന്നെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. സിനിമകളില്‍ അവസരം കുറഞ്ഞ് തുടങ്ങിയെന്ന ആശങ്ക സുശാന്തിനുണ്ടായിരുന്നെന്നാണ് സുശാന്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. സുശാന്ത് സിംഗ് റിയ ചക്രബര്‍ത്തിയുമായി താരം നീണ്ടനാളായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോക്ക്ഡൗണിനു ശേഷം ഇവര്‍ തമ്മില്‍ വിവാഹിതരാകും എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരും ബന്ധം സ്ഥിരീകരിച്ചിരുന്നില്ല.