പാലക്കാട്: തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച. പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ കേസെടുക്കാതെ പൊലീസ് വിട്ടയച്ചു. കഴിഞ്ഞമാസമാണ് സംഭവം നടന്നത്. പ്രതികൾ പെൺകുട്ടിയെ പാർപ്പിച്ച ഹോട്ടലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ലഹരി മരുന്ന് ഉപയോഗിച്ച പ്രതികളെ പിടികൂടിയെങ്കിലും പരിശോധ കൂടാതെ വിട്ടയച്ചു. നാലു ദിവസം ഹോട്ടലില്‍ തങ്ങിയ പ്രതികളെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്ന് ഹോട്ടലുടമ വെളിപ്പെടുത്തി.
തൃശൂരിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞ് കഴിഞ്ഞ മാസം നാലിന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി അറസ്റ്റിലായ പ്രതി അഭിലാഷിനൊപ്പം പട്ടാമ്പിയിലെ ആര്യ ഹോട്ടലിലാണ് തങ്ങിയത്. അഭിലാഷിന്‍റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തൃത്താല പൊലീസ് ഹോട്ടലിലെത്തിയത്. ലഹരിയിലായിരുന്ന സംഘത്തെ പിടിച്ചുകൊണ്ടു പോയെങ്കിലും തൃത്താല പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. വൈദ്യ പരിശോധനയും നടത്തിയില്ല.
പ്രധാന പ്രതി അഭിലാഷിന്‍റെ ബന്ധുവിന്‍റെ ഇടപെടലിനെ തുടർന്നാണ് കേസെടുക്കാതെ വിട്ടയച്ചത്. ബന്ധു ജയപ്രകാശ് എന്ന ജെപി കോണ്‍ട്രാക്ടറാണ്. ജയപ്രകാശ് സ്വാധീനം ചെലുത്തിയാണ് പ്രതികളെ രക്ഷിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. എന്നാൽ സഹോദരപുത്രന്‍ പൊലീസ് പിടിയിലായതറിഞ്ഞ് അന്വേഷിക്കുക മാത്രമാണ് ചെയ്തെന്നും മറ്റിടപെടല്‍ ഉണ്ടായില്ലെന്നുമാണ് ജയപ്രകാശ് പ്രതികരിച്ചത്.
തൃത്താലയിലെ മയക്കുമരുന്ന് നൽകിയുള്ള പീഡനവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു.
പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളക്കം നൽകിയായിരുന്നു പീഡനമെന്നാണ് വ്യക്തമാകുന്നത്. പിതാവിന്‍റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേർന്നായിരുന്നു പീഡനം. മുഹമ്മദിനും നൗഫലിനുമെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.