KeralaNews

തൃശ്ശൂരിൽ സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയ ഒന്നാം ക്ലാസ്സുകാരനെ കാണാതായി, മിനുട്ടുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി പോലീസ്

തൃശ്ശൂര്‍: സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയ ഒന്നാം ക്ലാസ്സുകാരനെ കാണാഞ്ഞത് പരിഭ്രാന്തി പടര്‍ത്തി. എന്നാല്‍ വിവരമറിഞ്ഞ് നിമിഷങ്ങള്‍ക്കകം കുട്ടിയെ കണ്ടെത്തി തൃശൂർ കൺട്രോൾ റൂം പൊലീസ്. തൃശൂർ നഗരത്തിലെ സ്കൂളില്‍ ആദ്യ ദിവസത്തെ പ്രവേശനോൽസവ പരിപാടികൾ കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലേക്ക് പോകാനിറങ്ങിയ കുട്ടിയെ ആണ് കാണാതായത്. മകനെ കൊണ്ടുപോകാനായി   അച്ഛനും അമ്മയും എത്തിയിരുന്നു. ക്ലാസ്സിൽ നിന്നും അവർ കുട്ടിയെ ഏറ്റുവാങ്ങി. മകനെ വീടിനടുത്തുള്ള മറ്റുകുട്ടികളെ ഏല്‍പ്പിച്ച് മൂത്ത മകനെ കൊണ്ടുവരാനായി പോയ മാതാപിതാക്കള്‍ തിരികെ എത്തിയപ്പോഴാണ് ഇളയെ മകനെ കാണാനില്ലെന്ന വിവരമറിയുന്നത്. 

മൂത്ത കുട്ടി, നഗരത്തിലെ തന്നെ മറ്റൊരു സ്കൂളിലാണ് പഠിക്കുന്നത്. ആ കുട്ടിയെ സ്കൂളിൽ നിന്നും സ്കൂള്‍ ബസില്‍ വീട്ടിലേക്ക് പറഞ്ഞുവിട്ടശേഷമാണ് രക്ഷിതാക്കള്‍ തിരികെയെത്തിയത്. തിരികെ വരുന്ന വഴി ഇളയ മകന്‍ സ്കൂള്‍ വാഹനത്തിൽ കയറിപ്പോയിയോ എന്ന് ഉറപ്പുവരുത്താനായാണ് സ്കൂളിലെത്തിയത്.  അപ്പോഴാണ് കുറച്ചു നേരം മുമ്പ് കുട്ടിയെ ഏൽപ്പിച്ചു നൽകിയ സ്കൂളിലെ മുതിർന്ന കുട്ടികൾ അവിടെ വിഷമിച്ചു നിൽക്കുന്നതു കണ്ടത്. ‘അവൻ ഞങ്ങളുടെ കൈവിട്ട് ഓടിപ്പോയി, അവനെ കാണുന്നില്ലെന്നായിരുന്നു അവരുടെ പ്രതികരണം. സ്കൂള്‍ പരിസരത്തും വാഹനങ്ങളിലുമൊക്കെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പരിഭ്രാന്തരായ രക്ഷിതാക്കള്‍ ഉടൻ തന്നെ വിവരം സിറ്റി പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. കുട്ടിയെ കാണാതായ വിവരം പൊലീസ് നഗരത്തിലെ പട്രോളിങ്ങ് വാഹനങ്ങളിലേക്ക് കൈമാറി. ഉടൻ തന്നെ കൺട്രോൾ റൂം വാഹനത്തിൽ പോലീസുദ്യോഗസ്ഥർ സ്കൂളിനടുത്തെത്തി.  സ്കൂളിലേക്ക് സർവ്വീസ് നടത്തുന്ന വാഹന ഡ്രൈവർമാരുടെ ടെലിഫോൺ നമ്പറുകൾ പോലീസുദ്യോഗസ്ഥർ ശേഖരിച്ചു.  അവരെ ഓരോരുത്തരെയായി വിളിച്ചു. വാഹനങ്ങൾ  വിവിധ ദിശകളിലേക്ക് കുട്ടികളേയും കൊണ്ട് യാത്രചെയ്യുകയായിരുന്നു.  അധ്യയന വർഷത്തിലെ ഒന്നാമത്തെ ദിവസമായതുകൊണ്ട് പല ഡ്രൈവർമാർക്കും അവരുടെ വാഹനത്തിൽ സ്കൂളിലേക്ക് വരുന്ന കുട്ടികളെ മുഖപരിചയം ആയി വരുന്നതേ ഉണ്ടായിരുന്നുള്ളു. വാഹന ഡ്രൈവർമാരോട് അവരവരുടെ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കുട്ടികളെ പരിശോധിക്കുവാൻ പോലീസുദ്യോഗസ്ഥർ നിർദ്ദേശിച്ചു. 

ഒടുവിൽ, നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു സ്കൂൾ വാഹനത്തിൽ പോലീസുദ്യോഗസ്ഥർ പറഞ്ഞു നൽകിയ അടയാളങ്ങൾ ഉള്ള ഒരു കുട്ടി ഉണ്ടെന്ന് ഡ്രൈവർ  വിവരം നൽകി.  ആ വാഹനം അവിടെ നിർത്തിയിടാൻ പൊലീസ്  പറഞ്ഞു ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്കി. പോലീസുദ്യോഗസ്ഥർ അച്ഛനേയും കൂട്ടി, പോലീസ് വാഹനത്തിൽ അവിടേക്ക് എത്തി. കാണാതായ കുട്ടിയെ ആ വാഹനത്തിൽ നിന്നും കണ്ടെത്തി. തനിക്ക് പോകാനുള്ള വാഹനമാണെന്നു കരുതി, സ്കൂളിനു മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ അറിയാതെ കയറിയിരിക്കുകയായിരുന്നു കുട്ടി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker