ലോക് ഡൗണ്‍ വകവെക്കാതെ ആളുകള്‍ പുറത്തിറങ്ങി; കാഞ്ഞിരപ്പള്ളിയില്‍ പോലീസ് ലാത്തി വീശി

കോട്ടയം: ലോക്ഡൗണ്‍ വകവയ്ക്കാതെ ജനങ്ങള്‍ വലിയ തോതില്‍ പുറത്തിറങ്ങിയതോടെ കാഞ്ഞിരപ്പള്ളിയില്‍ പോലീസ് ലാത്തിവീശി. സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ആളുകള്‍ തിങ്ങി കൂടി ടൗണില്‍ എത്തിയതാണ് പോലീസ് ലാത്തി വീശാന്‍ ഇടയാക്കിയത്. കൂട്ടം കൂടിയവരെയെല്ലാം പോലീസ് വിരട്ടിയോടിച്ചു.

വാഹനങ്ങളുമായി പുറത്തിറങ്ങിയ പലര്‍ക്കും എങ്ങോട്ടാ പോകുന്നതെന്ന് ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ഇത്തരക്കാര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുലര്‍ച്ചെ ഏഴിന് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ കാഞ്ഞിരപ്പള്ളിയിലെ കടകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടമായി എത്തിയിരുന്നു.

മെഡിക്കല്‍ സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് കൂടുതല്‍ തിരക്കുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടി തുടരുമെന്നും പരിശോധന ശക്തമാക്കുമെന്നും കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News