
കൊൽക്കത്ത: സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയ ഗാനം ആലപിക്കുന്ന രണ്ട് പെൺകുട്ടികളുടെ വീഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. ഇരുവരും തെറ്റായിട്ടാണ് ഗാനം ആലപിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലാകുകയായിരുന്നു.
കൊൽക്കത്ത ഹൈക്കോടതി അഭിഭാഷകൻ അടക്കം നിരവധി പേർ യുവതികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ചിലർ സൈബർ സെല്ലിൽ പരാതി നൽകിയതായും റിപ്പോർട്ടുണ്ട്. സംഭവം വിവാദമായതോടെ യുവതികൾ വീഡിയോ ഡിലീറ്റ് ചെയ്തു.
തമാശയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു വീഡിയോ ഉണ്ടാക്കിയതെന്നാണ് പെൺകുട്ടികൾ നൽകുന്ന വിശദീകരണം. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും, അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബരാക്‌പോറെ പൊലീസ് കമ്മീഷണർ പറഞ്ഞു. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പെൺകുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.