മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് സെന്‍കുമാറിനും സുഭാഷ് വാസുവും ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സെന്‍കുമാറിനെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ആരോപണം ഉന്നയിച്ച് കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ പരസ്യമായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ഡിജിപി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന ചോദ്യത്തിനാണ് മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ തട്ടിക്കയറിയത് പിന്നാലെ മാധ്യമപ്രവര്‍ത്തകനെ മുമ്പിലേയ്ക്ക് വിളിച്ചു വരുത്തി സെന്‍കുമാര്‍ മോശമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ സെന്‍കുമാറിനൊപ്പം വന്ന ആളുകള്‍ മാധ്യമപ്രവര്‍ത്തകനെ പിടിച്ച് തള്ളുകയും പുറത്താക്കാന്‍ ശ്രമിക്കുകയുമുണ്ടായി.