എടത്വ: ബിരുദ വിദ്യാര്‍ഥി പഠനത്തോടൊപ്പം നടത്തിയ മീന്‍വളര്‍ത്തല്‍ കേന്ദ്രത്തില്‍ വിഷം കലക്കി സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത. വിളവെടുപ്പിനു തയ്യാറായ നൂറുകണക്കിനു കരിമീനുകള്‍ ചത്തുപൊങ്ങിക്കിടക്കുന്നതു കണ്ടു നെഞ്ചുതകര്‍ന്നു നില്‍ക്കുകയാണ് ഈ യുവാവ്. എടത്വ കോളജില്‍ ബിരുദ വിദ്യാര്‍ഥി കുഴിവേലികളം ഷാരോണിന്റെ മത്സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞ രാത്രി വിഷം കലക്കിയത്.
പഠനത്തിനും മറ്റു കാര്യങ്ങള്‍ക്കും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയാണ് പഠനത്തിനിടയ്ക്കു സമയം കണ്ടെത്തി എടത്വ ചങ്ങങ്കരി- പച്ച സ്വദേശി ഷാരോണ്‍ മത്സ്യകൃഷി തുടങ്ങിയത്. മൂന്നര ലക്ഷത്തോളം രൂപ കടം എടുത്തു കുളവും മറ്റും വൃത്തിയാക്കി കരിമീന്‍ കുഞ്ഞുങ്ങളെ മേടിച്ചു വളര്‍ത്തുകയായിരുന്നു.
ഇവയുടെ വിളവെടുപ്പിന് തയാറായിരിക്കുമ്പോഴാണ് കഴിഞ്ഞ രാത്രി ആരോ കുളത്തില്‍ വിഷം കലക്കുന്നത്. ഷാജി-റാണി ദമ്പതികളുടെ മൂന്നു മക്കളില്‍ ഏക ആണ്‍കുട്ടിയാണ് ഷാരോണ്‍. തികച്ചും സാധാരണക്കാരായ ഈ കുടുംബത്തോടു ചെയ്ത വലിയ ക്രൂരതയാണ് സംഭവമെന്നു നാട്ടുകാരും പറയുന്നു.
താങ്ങാവുന്നതിലേറെ വലിയ നഷ്ടമാണ്‌സംഭവിച്ചിരിക്കുന്നതെന്നു ഷാരോണ്‍ പറയുന്നു. തനിക്ക് ശത്രുക്കള്‍ ഇല്ലെന്നും പിന്നെ എന്തിനാണ് ഈ ചതി ചെയ്തതെന്ന് അറിയില്ലെന്നും യുവാവും വീട്ടുകാരും പറയുന്നു. പോലീസിലും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലും പരാതി നല്‍കിയിട്ടുണ്ട്.
കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഷാരോണിന്റെയും കുടുംബത്തിന്റെയും ആവശ്യം. വായ്പയെടുത്ത പണം ഇനിയെങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് യുവാവ്.