![](https://breakingkerala.com/wp-content/uploads/2021/04/pocso-7-1.jpg)
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസിൽ അദ്ധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. മമ്പാട് സ്വദേശിയായ അബ്ദുൾ സലാമാണ് 15 കാരിയുടെ പരാതിയിൽ അറസ്റ്റിലായത്.
അദ്ധ്യാപകൻ തന്നെ പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. ചൈൽഡ്‌ലൈൻ വഴിയാണ് പരാതി പൊലീസിലെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി റിമാൻഡ് ചെയ്തു.
അടുത്തിടെ മറ്റൊരു അദ്ധ്യാപകനും ജില്ലയിൽ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. അദ്ധ്യാപകനായിരിക്കെ അറുപതോളം വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിലാണ് മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറായിരുന്ന കെ വി ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂർവവിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. ഒളിവിൽ പോയ ശശികുമാറിനെ കനത്ത പ്രതിഷേധത്തിനൊടുവിലാണ് അന്ന് പിടികൂടിയത്.
അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് ശശികുമാർ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്. ആരോപണങ്ങൾക്ക് പിന്നാലെ ഇയാൾ നഗരസഭാ അംഗത്വവും രാജിവച്ചിരുന്നു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
അറുപതോളം വിദ്യാർത്ഥിനികളെ പല കാലങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ പറയുന്നത്. 2019ൽ സ്കൂൾ അധികൃതരോട് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടികൾ അദ്ധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും അവർ പരാതിയിൽ പറഞ്ഞു.