കൊച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് തലയും മുഖവും പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയില്‍

കൊച്ചി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെയും ജസ്സിയുടെയും ഇളയ മകളുമായ നെഹിസ്യ(17)യാണ് മരിച്ചത്. തലയും മുഖവും പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയില്‍ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.

വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തല വഴി മൂടി മുഖം മറച്ച നിലയിലും കഴുത്തില്‍ കയര്‍ കെട്ടിയിരുന്നതായും കാണപ്പെട്ടു. രാവിലെ ഏഴിന് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒന്‍പത് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനാല്‍ കുട്ടിയുടെ പിതാവും സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനെ വിളിച്ച് കൊണ്ടുവന്ന് വാതില്‍ ചവിട്ടിപൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടത്.

മരട് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഫോറന്‍സിക് വിഭാഗത്തെ വിളിച്ചു വരുത്തി പരിശോധന നടത്തി. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ ഒന്നൊ രണ്ടൊ മാര്‍ക്കിന്റെ കുറവുണ്ടായതിന് പിതാവ് ശാസിച്ചതായും അറിയുന്നു. സംഭവ സമയത്ത് വീട്ടില്‍ പിതാവും മൂത്ത സഹോദരിയും മാത്രമെ ഉണ്ടായിരുന്നുള്ളു. മാതാവ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ച കൂട്ടുകാരെ ക്ഷണിച്ച് വരുത്തി പിറന്നാള്‍ ആഘോഷിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി മരട് പോലീസ് അറിയിച്ചു. ഞാന്‍ പോകുന്നു എന്ന് മാത്രമാണ് കുറിപ്പില്‍ ഉണ്ടായിരുന്നതെന്നും മരണത്തില്‍ അസ്വാഭാവികത പ്രാഥമിക അന്വേഷണത്തില്‍ ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ അസ്വാഭാവികത ഉണ്ടോ എന്നറിയാന്‍ കഴിയൂ എന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News