ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മറികടക്കാൻ എട്ടിന ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. സാമ്പത്തിക-ആരോഗ്യ മേഖലകൾക്കാണ് പദ്ധതി. ഇതിൽ നാല് പദ്ധതികൾ തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാനസൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി പറഞ്ഞു.
കോവിഡ് ബാധിത മേഖലകൾക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റിയാണ് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 50000 കോടി രൂപയുടെ സഹായവും മറ്റു മേഖലകൾക്കായി 60000 കോടി രൂപയും പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റുമേഖലകൾക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്.പുതിയ പദ്ധതിയായ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിന് കീഴിൽ 25 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും. മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ നൽകേണ്ടതാണ് ഈ വായ്പ. ഇതിലൂടെ പരമാവധി 1.25 ലക്ഷം രൂപ വായ്പയായി ലഭിക്കും. 89 ദിവസം വരെ തിരിച്ചടവിൽ വീഴ്ച വരുത്തിയവരടക്കം എല്ലാ വായ്പക്കാരും ഇതിന് അർഹരാണ്.
ടൂറിസ്റ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വിസ വിതരണം പുനരാംഭിച്ചു കഴിഞ്ഞാൽ ആദ്യത്തെ അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകൾ സൗജന്യമായി നൽകും. 2022 മാർച്ച് 31 വരെയാകും ഈ പദ്ധതിയുടെ കാലാവധി. ഒരു ടൂറിസ്റ്റിന് ഒരു വിസ മാത്രമേ ലഭിക്കൂ.ട്രാവൽ ഏജൻസികൾക്ക് പത്ത് ലക്ഷം രൂപ വായ്പ നൽകും. ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും അനുവദിക്കും