ഇവിടെ വാക്‌സിന്‍ സൗജന്യമാണെന്ന് പറഞ്ഞാല്‍ സൗജന്യമായിരിയ്ക്കും,ഇടയ്ക്കിടെ മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല,വി.മുരളീധരന് മാസ് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്സീൻ വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് ചിലർ വിചണ്ട വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വി മുരളീധരന് മറുപടി നൽകിയാൽ നിലവിൽ ഉണ്ടാകേണ്ട അന്തരീക്ഷം ഉണ്ടാകില്ല. കേന്ദ്ര സർക്കാർ വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം പറയുന്നതിൽ തെറ്റില്ല. സംസ്ഥാനത്തിന്റെ ബാധ്യത സംസ്ഥാനം വഹിക്കും. അൽപ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങൾ കാണണം. വാക്സീൻ ആവശ്യമെങ്കിൽ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനത്തിന്റെ യഥാർത്ഥ പ്രശ്നം കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതുണ്ട്. വാക്സീൻ തരാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. സംസ്ഥാനത്തിന്റെ പെടലിക്ക് കൂടുതൽ ഭാരം അടിച്ചേൽപ്പിക്കരുത്. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും.ഇവിടെ വാക്സീൻ സൗജന്യമായിരിക്കും. നേരത്തെ പ്രഖ്യാപിച്ചതാണ്. ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല.

Read Also

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്ര വിഹിതത്തിന് മാത്രം കാത്തുനിൽക്കാതെ കേരളം സ്വന്തം നിലയിൽ വാക്സിൻ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു. കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വാഗ്ദാനം നൽകിയതാണ്. ഇതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വാക്സിൻ കേന്ദ്രങ്ങളിൽ സമ്പൂർണ അരാജകത്വമാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ വാക്സിൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്ന സാഹചര്യമാണ്. ഓരോദിവസവും വാക്സിൻ നൽകുന്നവരെ മുൻകൂട്ടി തീരുമാനിക്കുകയും അവരെ അറിയിക്കുകയും വേണം. രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സിൻ നൽകുന്നതാണ് കേരളത്തിലെ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നാല് ദിവസത്തിനുള്ളിൽ 6.5 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രം കേരളത്തിന് നൽകും. ഒരാഴ്ചക്കുള്ളിൽ 1.12 ലക്ഷം പേർക്കാണ് കേരളത്തിൽ വാക്സിൻ നൽകിയത്. ഒറ്റയടിക്ക് 50 ലക്ഷം വാക്സിൻ വേണമെന്നും രണ്ട് ലക്ഷം വാക്സിൻ മാത്രമേ ബാക്കിയുള്ളുവെന്നും പറഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. ഒരാഴ്ചത്തേക്കുള്ള വാക്സിൻ കൂടി കേരളത്തിലുണ്ട്. ആവശ്യത്തിന് വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.