KeralaNews

വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാം; ഉത്തരവ് തിരുത്തി ഡി.ജി.സി.എ

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഫോട്ടൊയെടുക്കുന്നതിന് വിലക്കില്ലെന്ന് ഡി.ജി.സി.എയുടെ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിശദീകരണം. വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോയെടുത്താല്‍ സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡി.ജി.സി.എ ശനിയാഴ്ച കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡി.ജി.സി.എ ഇപ്പോള്‍ ഉത്തരവ് തിരുത്തിയിരിക്കുന്നത്.

കര്‍ശന നിയന്ത്രണങ്ങളുള്ള വിമാനത്തിന്റെ ടേക്ക്ഓഫ്, ലാന്‍ഡിങ് വേളയില്‍ ഒഴികെ യാത്രക്കാര്‍ക്ക് തുടര്‍ന്നും ഫോട്ടോ, വീഡിയോ എന്നിവ എടുക്കാമെന്നും വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫിക്ക് യാതൊരു വിലക്കുമെല്ലെന്നും ഡി.ജി.സി.എ വിശദീകരിച്ചു.

അതേസമയം വിമാനത്തിനുള്ളില്‍ ശല്യമാകുന്ന രീതിയില്‍ ഫോട്ടോ എടുക്കുന്നതും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇത്തരത്തില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
ചണ്ഡീഗഢ്-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ നടി കങ്കണ റണൗട്ടിന്റെ ഫോട്ടോയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതിനുപിന്നാലെയാണ് വിമാനത്തിനുള്ളിലെ ഫോട്ടോഗ്രഫി വിലക്കി സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കഴിഞ്ഞ ദിവസം ഡി.ജി.സി.എ നിര്‍ദേശിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button