ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പൈപ് ലൈനില്‍ ദ്വാരമിട്ട് പെട്രോള്‍ ഊറ്റി; ഒരാള്‍ അറസ്റ്റില്‍
മംഗളൂരു: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് പൈപ്പ്‌ലൈനില്‍ ദ്വാരമിട്ട് പെട്രോള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബാന്ത്‌വാല്‍ റൂറല്‍ പോലീസാണ് പെട്രോള്‍ ചോര്‍ച്ചയില്‍ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
പൈപ്പ്‌ലൈനിലൂടെ കടന്നു പോകുന്ന പെട്രോളിന്റെ അളവില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ വിശദപരിശോധന നടത്തിയത്. മംഗളൂരു-ഹസന്‍ പൈപ്പ്‌ലൈനിലാണ് ഇത്തരത്തില്‍ പെട്രോളിന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയത്. കോട്ടിങ്ങിലെ തകരാര്‍ മൂലമുളള ചോര്‍ച്ചയാണ് ഇതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിഗമനം.
പിന്നീട് വിശദമായ പരിശോധനയില്‍ അരാല ഗ്രാമത്തിലാണ് ചോര്‍ച്ചയെന്ന് കണ്ടെത്തി.തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ പൈപ്പ്‌ലൈനില്‍ ദ്വാരമിട്ട് പെട്രോള്‍ ചോര്‍ത്തിയതായി മനസിലാവുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്ബിലൂടെ കടന്ന പോവുന്ന പൈപ്പിലാണ് ചോര്‍ത്ത കണ്ടെത്തിയത്.
പിന്നീട് സ്ഥലത്തിന്റെ ഉടമസ്ഥനായ ഇവാന്‍ എന്നയാളാണ് പെട്രോള്‍ ചോര്‍ത്തിയതെന്ന് വ്യക്തമാവുകയായിരുന്നു. പെട്രോളിയം മിനറല്‍സ് പൈപ്പ്‌ലൈന്‍ ആക്ട് 1962 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൈപ്പിലെ തകരാര്‍ മൂലം എച്ച്.പി.സി.എല്ലിന് 90,000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.