പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്
എറണാകുളം: പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് 18 വയസുകാരന്‍ മരിച്ചത്. സുഹൃത്തുക്കള്‍ ശബ്ദമുണ്ടാക്കി പേടിപ്പിച്ചപ്പോഴാണ് പാറമടയില്‍ വീണതെന്ന് തെളിഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ തങ്കളം സ്വദേശി നൗഫലാണ് വീടിന് സമീപമുള്ള പെട്ടമലയിലെ പാറമടയില്‍ വീണ് മരിച്ചത്.
നൗഫലിന്റെ സുഹൃത്തുക്കളായ അയിരൂര്‍ പാടം സ്വദേശികളായ ആഷിഖ്, നഹ്ബാന്‍, നെല്ലിക്കുഴി സ്വദേശി ഷാഹുല്‍ എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. സുഹൃത്തുക്കള്‍ പെട്ടമലയിലെ പാറക്കെട്ടിന് മുകളില്‍ ഉണ്ടെന്നറിഞ്ഞ നൗഫല്‍ ഇവിടേക്ക് എത്തുകയായിരുന്നു. ഈ സമയം പുല്ലു നിറഞ്ഞ ഭാഗത്ത് ഒളിച്ചിരുന്ന പ്രതികള്‍ ശബ്ദമുണ്ടാക്കി വച്ച് നൗഫലിനെ ഭയപ്പെടുത്തി.
ഭയന്ന നൗഫല്‍ കാല്‍ വഴുതി താഴേക്ക് വീണു. പട്ടിയെ കണ്ട് ഭയന്നാണ് നൗഫല്‍ അപകടത്തില്‍പ്പെട്ടതെന്നായിരുന്നു സംഭവ ദിവസം സുഹൃത്തുക്കള്‍ പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ ഇവര്‍ കുറ്റം സമ്മതിച്ചു. മൂന്ന് പ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍ കൂടുതല്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്