ഷഹ്‌ലയുടെ മരണം; ചികിത്സിച്ച ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി ഷെഹ്‌ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടര്‍ ജിസ മെറിന്‍ ജോയ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മുതിര്‍ന്ന അഭിഭാഷകരോട് നിയമോപദേശം തേടിയ ജിസ നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്നാണ് വിവരം.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ ജില്ലാ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് നേരിട്ട് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുന്നത്. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം നഗരസഭയിലും സര്‍വ്വജന സ്‌കൂളിലുമെത്തി പരിശോധന നടത്തിയിരിന്നു.
സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നാവശ്വപ്പെട്ട് വിദ്യാര്‍ത്ഥി കൂട്ടായ്മ നാളെ മുതല്‍ നിരാഹാരം തുടങ്ങും. സംഭവത്തില്‍ സ്‌കൂളിനെതിരെ പ്രതികരിച്ച ഏതാനും കുട്ടികള്‍ക്ക് നേരെ ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി കാണിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.