എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കൾ; സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് വിശദീകരണം

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കള്‍. ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ സന്ദര്‍ശിച്ചത്. രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ, ഉച്ചയ്ക്കു ശേഷമാണ് ഇരുവരും അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഎം അനുഭാവികള്‍ മര്‍ദിച്ചെന്നും സിപിഎമ്മിനു വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നുമുള്ള ആരോപണങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ വേണ്ടിയാണു ബിജെപി നേതാക്കള്‍ മൂന്നാറിലെത്തിയത്. ഇതിനുശേഷമായിരുന്നു എസ്.രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ച.

ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നാണ് രാജേന്ദ്രന്റെ പ്രതികരണം. നേരത്തേ, ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വവുമായി രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. രാജേന്ദ്രന്‍ മുന്നോട്ടുവച്ച ഉപാധികള്‍ കേന്ദ്ര നേതൃത്വം അംഗീകരിക്കാത്തതാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News