പെരിയാറിന്റെ പ്രതിമയില്‍ കാവി നിറമൊഴിച്ച് ചെരുപ്പുമാലയിട്ടു; തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം

ചെന്നൈ: തമിഴ്നാട്ടില്‍ സമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ അഥവാ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമ നശിപ്പിച്ചു. തിരുച്ചി ഇനാംകുളത്തൂരിലെ പ്രതിമയിലാണ് കാവി നിറം ഒഴിച്ചത്. പ്രതിമയുടെ കഴുത്തില്‍ ചെരുപ്പ് മാല ഇടുകയും ചെയ്തു.

സംഭവത്തിലെ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ അജ്ഞാത സംഘത്തെ കണ്ടെത്തണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ തിരുച്ചിയില്‍ പ്രതിഷേധിച്ചിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പോലീസ് എത്തി പ്രതിമ വൃത്തിയാക്കിയെന്നാണ് വിവരം.

അതേസമയം സംഭവത്തില്‍ ഡിഎംകെ എംപി കനിമൊഴി ബിജെപിക്ക് എതിരെ രംഗത്തെത്തി. പെരിയാറിന്റെ മുകളില്‍ ഒഴിച്ചത് കാവി നിറമാണ്. ഇത് വളരെ ഹീനമായ പ്രവൃത്തിയാണ്. പെരിയാറിന്റെ ജന്മദിനത്തില്‍ ബിജെപി അധ്യക്ഷന്‍ എല്‍ മുരുഗന്‍ പെരിയാര്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ തുറന്നുപറയാന്‍ മടിയില്ലെന്ന് പറഞ്ഞിരുന്നു. ഇതാണോ ആദരവെന്ന് കനിമൊഴി ചോദിച്ചു.

പെരിയാറിന്റെ പ്രതിമ തമിഴ്നാട്ടില്‍ തകര്‍ക്കപ്പെടുന്നത് ആദ്യമായിട്ടല്ല. നേരത്തെ കോയമ്പത്തൂര്‍ സുന്ദരപുരത്തും പെരിയാര്‍ പ്രതിമ തകര്‍ത്ത് അക്രമികള്‍ കാവി നിറം ഒഴിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News