രണ്ടു മാസത്തിന് ശേഷം മദ്യശാലകള്‍ തുറന്നു; പടക്കം പൊട്ടിച്ച് ആഘോഷിച്ച് മദ്യപന്മാര്‍
കോയമ്പത്തൂര്‍: രണ്ട് മാസത്തിന് ശേഷം മദ്യശാലകള്‍ തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോയമ്പത്തൂരിലെ ഒരുപറ്റം ആളുകള്‍. കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ഏകദേശം രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് മദ്യശാലകള്‍ തുറന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായ പതിനൊന്ന് ജില്ലകളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. എന്നാല്‍ കുറഞ്ഞ രോഗബാധ ഉള്ളയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകളും വരുത്തിയിരുന്നു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ നാലായിരത്തില്‍ താഴെ ആയതോടെയാണ് 11 ജില്ലകളിലും മദ്യശാലകള്‍ തുറക്കാം എന്ന തീരുമാനത്തിലെത്തിയത്. മദ്യപാനികള്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയായിരുന്നു, തേങ്ങയുടച്ചും പടക്കം പൊട്ടിച്ചുമാണ് അവര്‍ സന്തോഷം പങ്കിട്ടത്.
മദ്യശാലകള്‍ തുറക്കാനുള്ള ഡി.എം.കെ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എ.ഐ.ഡി.എം.കെ സര്‍ക്കാര്‍ ഭരിച്ച സമയത്ത് മഹാമാരിക്കിടെ മദ്യശാലകള്‍ തുറന്നതിനെ ഡി.എം.കെ എതിര്‍ത്തിരുന്ന സംഭവം പ്രതിപക്ഷ പാര്‍ട്ടി ഓര്‍മിപ്പിച്ചു. സാമൂഹിക അകലം കൃത്യമായി പാലിച്ച ശേഷമാണ് മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്ക് മദ്യം നല്‍കുന്നില്ലെന്നും പറഞ്ഞാണ് സര്‍ക്കാര്‍ വിമര്‍ശനങ്ങളെ നേരിട്ടത്.