കൊല്‍ക്കത്ത: ആശുപത്രിക്കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണ രോഗി ഗുരുതര പരിക്കുകളോടെ ചികിത്സയില്‍. പശ്ചിമബംഗാളിലെ മല്ലിക് ബാസാറിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ന്യൂറോസയന്‍സസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുജിത് അധികാരി എന്ന യുവാവാണ് താഴേക്ക് വീണത്. ആശുപത്രിജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഏഴാം നിലയിലെ ജനാലയില്‍ കൂടി പുറത്തേക്കിറങ്ങിയ സുജിത് ആ ഭാഗത്ത് രണ്ട് മണിക്കൂറോളം ഇരുന്ന് ആശുപത്രി അധികൃതരേയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമനസേന, പോലീസ് സേനാംഗങ്ങളെ സംഭ്രമത്തിലാഴ്ത്തിയ ശേഷമാണ് താഴേക്ക് വീണത്.
സുജിത്തിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം തുടരുന്നതിനിടെയായിരുന്നു അപകടം. താഴെ കിടക്കകളും വലയും ഒരുക്കിയിരുന്നെങ്കിലും വീഴ്ചയ്ക്കിടെ രണ്ട് തവണ കെട്ടിടത്തിന്റെ വശത്ത് ഇടിച്ചതിനെ തുടര്‍ന്നാണ് ഗുരുതരപരിക്കുകള്‍ക്കിടയാക്കിയത്. ഉച്ചയ്ക്ക് 1.10 നായിരുന്നു സംഭവം. സുജിത്തിനെ താഴെയിറക്കാനെത്തിച്ച ഹൈഡ്രോളിക് ലാഡര്‍ ഉയര്‍ത്തിയാല്‍ താഴേക്ക് ചാടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
വിവരമറിഞ്ഞ് ആശുപത്രി പരിസരത്ത് കൂടിയ ജനങ്ങളും യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ദുരന്തനിവാരണസേന താഴെ വല വിരിച്ച് തയ്യാറെടുക്കുന്നത് കണ്ടതോടെ ഇരുന്നിടത്ത് നിന്ന് താഴേക്കിറങ്ങാന്‍ യുവാവ് ആരംഭിച്ചു. കെട്ടിടത്തിന്റെ വശങ്ങളില്‍ പിടിച്ചും ചവിട്ടി നിന്നും താഴേക്ക് നീങ്ങുന്നതിനിടെയാണ് പിടിവിട്ട് താഴേക്ക് പതിച്ചത്. തലയോട്ടി, വാരിയെല്ലിന്‍ കൂട്, ഇടതുകൈ എന്നിവയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി വക്താവ് അറിയിച്ചു.
സേനകള്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് ആശുപത്രി ജീവനക്കാര്‍ സോഫ, കുഷ്യനുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ നിരത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ സുജിത്തിന്റെ ബന്ധുക്കളും ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചിരുന്നു.