ക്രിക്കറ്റ് കളിക്കാനാണ് വന്നത്, അല്ലാതെ ഫോട്ടോ എടുക്കാനല്ല; യുവതാരത്തെ ശല്ല്യം ചെയ്ത ആരാധകനുമായി കൊമ്പുകോർത്ത് കൊഹ്‌ലി

ലണ്ടൻ: യുവ ഇന്ത്യൻ പേസർ കമലേഷ് നാഗ‌ർകൊട്ടിയെ മത്സരത്തിനിടെ ശല്ല്യം ചെയ്ത ക്രിക്കറ്റ് ആരാധകനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി. ലെസ്റ്റർഷെറിനെതിരായ പരിശീലന മത്സരത്തിനിടെയായിരുന്നു സംഭവം. ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന നാഗർകൊട്ടിയെ ഒരു ഇന്ത്യൻ ആരാധകൻ നിരന്തരമായി ശല്ല്യം ചെയ്യുന്നതും കളിയാക്കുന്നതും കണ്ട് കൊഹ്‌ലി ഇടപെടുകയായിരുന്നു.

മുകളിലെ ഡ്രെസിംഗ് റീമിൽ നിന്നും എന്തിനാണ് കളിക്കാരനെ ശല്ല്യം ചെയ്യുന്നതെന്ന് ചോദിച്ച കൊഹ്‌ലിയോട് താൻ കുറേനേരമായി ഒരു ഫോട്ടോക്ക് വേണ്ടി അയാളോട് അപേക്ഷിക്കുകയാണെന്നും ഓഫീസിൽ നിന്നും അവധിയെടുത്താണ് താൻ ഇവിടെ വന്നതെന്നും അതിനാൽ തന്നെ ഒരു ഫോട്ടോയെങ്കിലും എടുക്കാനുള്ള അവകാശം തനിക്ക് ഉണ്ടെന്നും ആരാധകൻ ഹിന്ദിയിൽ പറഞ്ഞു. ഇതിന് മറുപടിയായി ഫോട്ടോ എടുക്കാനല്ല ക്രിക്കറ്റ് കളിക്കാനാണ് ഇവിടെ വന്നതെന്ന് കൊഹ്‌ലി ആരാധകനോട് വ്യക്തമാക്കി.

പരിശാലന മത്സരത്തിന്റെ രണ്ടാം ദിവസം കാണികളിലൊരാൾ എടുത്ത വീഡിയോ ആണിത്. യുവതാരമായ കമലേഷ് നാഗർകൊട്ടി ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ അംഗമല്ല. നെറ്റ് ബൗളർ എന്ന നിലയിലാണ് നാഗർകൊട്ടി ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News