KeralaNews

കുരുക്ക് മുറുകുന്നു ആർബി ശ്രീകുമാറിന് ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ അനുവദിച്ച മുൻകൂർ ജാമ്യവും റദ്ദാകാൻ സാധ്യത

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖയും വിവരങ്ങളും പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായതോടെ ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ ആർബി ശ്രീകുമാറിന് (RB Sreekumar) അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാകാൻ സാധ്യത. കേരള ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകളെ ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഗുജറാത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടിയാകും അന്വേഷണസംഘത്തിന്‍റെ അടുത്ത നീക്കം

ഐഎസ്ആ‍ർഒ ചാരക്കേസ് കള്ളക്കേസാണെന്നും തനിക്കെതിരെ വൻ ഗൂഢാലോചന നടന്നെന്നുമുള്ള നമ്പി നാരായണന്‍റെ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ജെയിൻ കമ്മീഷനെ നിയമിച്ചത്. ജെയ്ൻ കമ്മീഷൻ ശുപാർശപ്രകാരമായിരുന്നു ആർബി ശ്രീകുമാർ, മുൻ ഡിജിപി സിബി മാത്യൂസും അടക്കമുള്ളവർക്കെതിരായ സിബിഐ അന്വേഷണം.

ഈ കേസിലെ ഏഴാംപ്രതിയായ ആർബി ശ്രീകുമാ‍ർ ഉൾപ്പെടെ പത്ത് പ്രതികൾ ഇപ്പോൾ ഹൈക്കോടതിയുടെ മുൻകൂർ ജാമ്യത്തിലാണ്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജാമ്യം റദ്ദാക്കാൻ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതിനടിയാലാണ് ഗുജറാത്ത് കേസിലെ ആ‍ർബി ശ്രീകുമാറിന്‍റെ അറസ്റ്റ്.

ശ്രദ്ധേയമായ ഗുജറാത്ത് കലാപക്കേസിൽ വ്യാജരേഖ ചമച്ചെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നുമുള്ള കുറ്റം ചുമത്തിയതോടെ ഐഎസ്ആർഒ ഗൂഢാലോചനക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് സിബിഐക്ക് വാദിക്കാം. ആർബി ശ്രീകുമാ‍ർ അടക്കം ഉന്നതരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് സിബിഐ നിരന്തരം ആവശ്യപ്പെടുന്ന പശ്ചാതലത്തിൽ സുപ്രീകോടതിയെ സമീപിക്കാനാണ് സാധ്യത.

അങ്ങനെയെങ്കിൽ ആർബി ശ്രീകുമാർ ഈ കേസിൽ സിബിഐ കസ്റ്റഡിയിലാകും. നമ്പി നാരായണനെ അറസ്റ്റ് ചെയ്യുമ്പോൾ ഐബിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ആ‍ർബി.ശ്രീകുമാർ. ഇന്‍റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് കേരള പൊലീസ് സംഘം കോടതിയെ അറിയിച്ചിരുന്നു. 

സിബിഐ ചോദ്യം ചെയ്യലിലും ഇവർ ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. സിബിഐ സംഘം ഗുജറാത്തിൽ പോയി ആർബി ശ്രീകുമാറിനെ ചോദ്യം ചെയ്തിരുന്നു. താൻ കൊടുത്ത കേസിന്റെ അന്വേഷണ പുരോഗതി പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കേസിലും സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരയണൻ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker