24.8 C
Kottayam
Wednesday, May 15, 2024

പ്രധാനമന്ത്രിയെ പ്രസിഡന്റും മന്ത്രിയുമാക്കി, 13 വട്ടം; ‘പഠാനെ’ തിരുത്തിയതിൽ വ്യാപക വിമർശനം

Must read

മുംബൈ:ഷാരൂഖ് ഖാന്‍ ചിത്രം ‘പഠാനി’ല്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയ വെട്ടിത്തിരുത്തലുകള്‍ക്കെതിരേ വ്യാപക വിമര്‍ശനം. ചിത്രത്തില്‍ പന്ത്രണ്ടു കട്ടുകളും സംഭാഷണങ്ങളില്‍ മാറ്റവും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് വിമര്‍ശനങ്ങള്‍ ശക്തമായത്. മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ അപഹാസ്യമാണെന്ന് സര്‍ട്ടിഫിക്കറ്റ് പങ്കുവച്ച് നടി ശ്വേത ധന്വന്തരി കുറിച്ചു. “എന്തു കാണണമെന്ന് തീരുമാനിക്കാനുള്ള അധികാരം പ്രേക്ഷകര്‍ക്കുണ്ട്. അവര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ ടിക്കറ്റ് വാങ്ങാതെ അത് പ്രകടിപ്പിക്കാന്‍ അവരെ അനുവദിക്കൂ. പരിഹാസ്യമായ ഈ സെന്‍സര്‍ഷിപ്പ് മടുത്തു കഴിഞ്ഞു. എന്താണിത്.”- ശ്രേയ കുറിച്ചു.

ചിത്രത്തിനെതിരേ ഒട്ടേറെ സംഘടനകള്‍ പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് സെന്‍സര്‍ ബോര്‍ഡ് കട്ടുകള്‍ നിര്‍ദ്ദേശിച്ചത്. നിരവധി സംഭാഷണങ്ങളും വാക്കുകളും ഒഴിവാക്കികൊണ്ടുള്ള മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ‘റോ’ എന്നതിന് പകരം രണ്ടിടത്ത് ഹമാരേ എന്നാക്കിയിട്ടുണ്ട്. ‘പ്രധാനമന്ത്രി’യ്ക്ക് പകരം ‘പ്രസിഡന്റ്’ ‘മന്ത്രി’ എന്നിങ്ങനെ പതിമൂന്ന് ഇടങ്ങളില്‍ മാറ്റി. ‘അശോക ചക്ര’യെ വീര്‍ പുരസ്‌കാരമാക്കി രണ്ടിടങ്ങളില്‍ മാറ്റി.

‘പഠാനി’ലെ ആദ്യഗാനമായ ‘ബേഷരം രംഗി’ല്‍ ദീപിക അണിഞ്ഞ വസ്ത്രത്തെ ചുവടു പിടിച്ച് വലിയ വിവാദങ്ങളായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഗാനത്തില്‍ ദീപിക അണിഞ്ഞ കാവി നിറത്തിലുള്ള ബിക്കിനിയായിരുന്നു പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. ഈ ഗാനത്തിനെതിരേ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്ത് വന്നതിന് പിന്നാലെ ‘പഠാന്‍’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തി.

വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. ബേഷരം എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവര്‍ പറഞ്ഞത്. ഗാനരംഗത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്നാണ് നരോത്തം മിശ്ര പറഞ്ഞത്.

സിദ്ധാര്‍ഥ് ആനന്ദാണ് ‘പഠാന്‍’ സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലന്‍. ജനുവരി 25-ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week