കൊച്ചി: കോളേജുകളും സ്‌കൂളുകളും തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പാസഞ്ചർ തീവണ്ടികൾ വീണ്ടും ഓടിച്ചുതുടങ്ങാൻ സാധ്യത. സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടിയാൽ സർവീസുകൾ തുടങ്ങാമെന്ന നിലപാടിലാണ് റെയിൽവേ. സർക്കാരും റെയിൽവേയും അടുത്ത ബുധനാഴ്‌ച ചേരുന്ന യോഗത്തിൽ ഈ വിഷയം ചർച്ചചെയ്യും.സർവീസുകൾ തുടങ്ങണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാരും.
എക്സ്‌പ്രസ് തീവണ്ടികളിലെ ജനറൽ കോച്ചുകളും ഒപ്പം നിലവിൽവരും. എന്നാൽ, പഴയ പാസഞ്ചർനിരക്കിന് പകരം എക്സ്‌പ്രസ് നിരക്കാവാനാണ് സാധ്യത.മുംബൈ, ചെന്നൈ, സൗത്ത് സെൻട്രൽ റെയിൽവേ എന്നിവിടങ്ങളിൽ ഇപ്പോൾ സബർബൻ തീവണ്ടികൾ ഓടിക്കുന്നുണ്ട്. അവിടങ്ങളിലെ സർക്കാരുകൾ ആവശ്യപ്പെട്ട പ്രകാരമാണ് റെയിൽവേ പാസഞ്ചറുകൾ സബർബൻ റൂട്ടുകളിൽ ഓടിച്ചത്.
ഇപ്പോൾ കേരളത്തിൽ ‘ഒരു റൂട്ടിൽ ഒന്ന്’ എന്ന പ്രകാരമാണ് പാസഞ്ചർ ഓടിക്കുന്നത്. ബുക്ക് ചെയ്യാത്ത യാത്രക്കാർക്ക് ഇതിൽ കയറാം. എന്നാൽ, പാസഞ്ചറുകളെല്ലാം ഓടിച്ചെങ്കിൽ മാത്രമേ സാധാരണക്കാർ തീവണ്ടിയെ കൂടുതൽ ആശ്രയിക്കൂ എന്ന് റെയിൽവേ വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തിനകത്ത് ഓടുന്ന എക്സ്പ്രസ് തീവണ്ടികളിൽ ജനറൽ കോച്ചുകളിലും റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.
വേണാട്, പരശുറാം, ഇന്റർസിറ്റി, വഞ്ചിനാട് തുടങ്ങിയ വണ്ടികളിൽ റിസർവേഷൻ ഇല്ലാത്ത ജനറൽയാത്ര അനുവദിക്കാമെന്ന നിലപാടിലേക്കും റെയിൽവേ എത്തുമെന്നാണ് വിവരം.റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാനത്തെ മന്ത്രി അഹമ്മദ് ദേവർകോവിലാണ് യോഗം വിളിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.