കൊവിഡ് പോരാട്ടത്തില്‍ നമുക്ക് ഒരു സഹോദരിയെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു; വയനാട്ടിലെ ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ വിയോഗത്തില്‍ കണ്ണീരോടെ പാര്‍വതി

കൊച്ചി: കൊവിഡ് ബാധിച്ച് മരണപ്പെട്ട വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടി പാര്‍വതി തിരുവോത്ത്. കൊവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ നമുക്ക് ഒരു സഹോദരിയെ നഷ്ടമായിരിക്കുന്നു എന്ന് പാര്‍വതി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. സുല്‍ത്താന്‍ ബത്തേരി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന മേപ്പാടി സ്വദേശി യു.കെ അശ്വതി(24)യുടെ വിയോഗത്തിലാണ് പാര്‍വതിയുടെ പ്രതികരണം.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതി അശ്വതിയുടെ മരണത്തില്‍ വിഷമം അറിയിച്ചത്. മാനന്തവാടിയില്‍ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ മേപ്പാടി സ്വദേശി അശ്വതി കൊവിഡ് മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പാതിവഴിയില്‍ അശ്വതിക്ക് മരണം സംഭവിച്ചു.

സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്നീഷ്യനായി താല്‍ക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി. കൊവിഡിന്റെ രണ്ട് ഡോസ് വാക്സിന്‍ കുത്തിവെപ്പും അശ്വതി എടുത്തിരുന്നു. ഒന്നര മാസം മുമ്പാണ് അവര്‍ വാക്സിനെടുത്തത്. അശ്വതിയുടെ വിയോഗത്തില്‍ ആരോഗ്യമന്ത്രിയടക്കം നിരവധി പേര്‍ ദുഃഖം പങ്കുവെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News