കൊച്ചി: സർക്കാർ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം പ്രാബല്യത്തിൽ വന്നതോടെ കോട്ടയം – എറണാകുളം റൂട്ടിൽ പ്രവചനാതീതമായ തിരക്കാണ് പാലരുവി എക്സ്പ്രസ്സിൽ അനുഭവപ്പെടുന്നത്. വേണാടിൽ യാത്രചെയ്‌താൽ ഓഫീസ് സമയം പാലിക്കാമെന്ന ഒരു ഉറപ്പുമില്ലാത്ത സാഹചര്യത്തിൽ ജോലിക്കാരൊന്നടങ്കം പാലരുവി എക്സ്പ്രസ്സിലേയ്ക്ക് മാറിയതാണ് തിരക്ക് വർദ്ധിക്കാൻ കാരണമായത്..
പുലർച്ചെ 06.25 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06444 കൊല്ലം – എറണാകുളം മെമുവും 07.05 ന് കോട്ടയം എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 16791 തിരുനെൽവേലി – പാലക്കാട് പാലരുവിയും മാത്രമാണ് നിലവിൽ ഓഫീസ് സമയം പാലിക്കാൻ യാത്രക്കാർ ആശ്രയിക്കുന്നത്. പാലരുവി കടന്നുപോയ ശേഷം ഒന്നരമണിക്കൂർ കഴിഞ്ഞാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയത്ത് നിന്ന് പുറപ്പെടുന്നത്. ഇതോടെ പാലരുവിയ്ക്കും വേണാടിനും ഇടയിൽ കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് ഒരു മെമു സർവീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുകയാണ്.
പാലരുവി വളരെ നേരത്തെയും വേണാട് വളരെ വൈകിയുമാണ് കോട്ടയം എത്തിച്ചേരുന്നത്. 10 മണിയ്ക്ക് ഓഫീസിൽ എത്തിച്ചേരാൻ പാലരുവിയിൽ 08.10 ന് തൃപ്പൂണിത്തുറ പോലുള്ള സ്റ്റേഷനിൽ ഇറങ്ങി നേരം പോക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കുടുംബത്തോടൊപ്പം ചെലവിടേണ്ട നിമിഷങ്ങൾ സ്റ്റേഷനിൽ കളയേണ്ടി വരികയാണെന്ന് സ്ത്രീ യാത്രികർ ആരോപിക്കുന്നു. വീട്ടുപണികളും കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷയും ശുശ്രൂഷയും ഉറപ്പ് വരുത്തിയ ശേഷം കോട്ടയം സ്റ്റേഷനിൽ 07.05 ന് എത്തണമെങ്കിൽ 6.00 മണിയ്ക്ക് ശേഷം വീട്ടിൽ നിന്നും പുറപ്പെടേണ്ട സാഹചര്യമാണുള്ളത്.
ഏറ്റുമാനൂരിൽ പാലരുവിയ്ക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ 06.37 നുള്ള എറണാകുളം മെമു മാത്രമാണ് ആ സ്റ്റേഷനിൽ നിന്നുള്ളവരുടെ ഏക ആശ്രയം. ഇതുമൂലം സ്വകാര്യ കമ്പനികളിൽ ജോലി നോക്കിയിരുന്ന നിരവധി സ്ത്രീകൾ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇരട്ടപ്പാതയോട് അനുബന്ധിച്ച് വേണാടിന്റെ സമയം പുന ക്രമീകരിച്ചതും ഇവിടെ നിന്നുള്ള യാത്രക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. 05.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടുകൊണ്ടിരുന്ന വേണാട് ഇരട്ടപ്പാത പൂർത്തിയായതോടെ 05.15 ലേയ്ക്ക് മാറ്റുകയായിരുന്നു. തന്മൂലം 08.15 ന് കോട്ടയം എത്തിച്ചേർന്നിരുന്ന വേണാട് ഇപ്പോൾ 08.40 നാണ് എത്തിച്ചേരുന്നത്.
പാലരുവിയുടെ ജനറൽ കമ്പാർട്ട് മെന്റിൽ ഇപ്പോൾ തിരക്കുമൂലം കാലുറപ്പിച്ച് യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് കമ്പാർട്ട് മെന്റിന്റെ എണ്ണത്തിലെ കുറവും തിരക്ക് ഇരട്ടിയാക്കുന്നു. വൈക്കം പിറവം സ്റ്റേഷനുകളിൽ നിന്ന് സ്ത്രീകളടക്കം വാതിൽപ്പടിയിൽ നിന്നാണ് യാത്ര ചെയ്യുന്നത്. അപകടകരമായ സാഹചര്യം നിലനിൽക്കേ താത്കാലികമായി പാലരുവിയുടെ കമ്പാർട്ട് മെന്റിന്റെ എണ്ണം വർദ്ധിപ്പിക്കാനെങ്കിലും റെയിൽവേ ഈ അവസരത്തിൽ തയ്യാറാകണം. കൂടാതെ അടിയന്തിരമായി പാലരുവിയ്ക്കും വേണാടിനും ഇടയിൽ മെമു സർവീസ് ആരംഭിക്കാൻ ആവശ്യമായ ഇടപെടൽ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.
തിരുനെൽവേലിയിൽ നിന്ന് അനധികൃതമായി ജനറൽ കമ്പാർട്ട് മെന്റിൽ ചരക്ക് സാധനങ്ങൾ കയറ്റുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇന്നത്തെ പിറകിൽ നിന്ന് രണ്ടാമത്തെ ജനറൽ കോച്ചിൽ ചരക്കുസാധനങ്ങൾ വാതിൽപ്പടി അടഞ്ഞു സൂക്ഷിച്ചിരുന്നതിനാൽ യാത്രക്കാർക്ക് ആ ഡോറിലൂടെ പ്രവേശിക്കാൻ സാധിച്ചില്ല. യാത്രയിൽ ടിക്കറ്റിനൊപ്പം കൊണ്ടുപോകാവുന്ന സാധനങ്ങൾക്ക് പരിമിതികൾ ഉള്ളതാണ്. പക്ഷേ കേരളത്തിന് പുറത്ത് ഈ നിയമങ്ങൾ വേണ്ട രീതിയിൽ പാലിക്കപ്പെടുന്നില്ലെന്നതിനുള്ള തെളിവാണ് പരസ്യമായ ഈ നിഷേധത്തിന് കാരണമാകുന്നത്.
✍🏼അജാസ് വടക്കേടം