സുബൈർ വധം: മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ,ഗൂഡാലോചനയിൽ നേതാക്കളിലേക്കും അന്വേഷണം?
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവൺ, ആറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. രമേശ് മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണ്. രമേശാണ് സൂബൈർ വധത്തിൽ സൂത്രധാരനെന്നും പൊലീസ് പറഞ്ഞു.
സുബൈറിനെ കൊലപ്പെടുത്തിയത് മൂന്നാം ശ്രമത്തിലാണ്. സുബൈറിന് നേരെ പ്രതികൾ രണ്ടുവട്ടം കൊലപാതക ശ്രമം നടത്തി. ഏപ്രിൽ 1,8 തീയതികളിൽ നടത്തിയ ശ്രമം പരാജയപ്പെട്ടു. പൊലീസ് പട്രോളിംഗ് ഉണ്ടായതിനാൽ ശ്രമം ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നൽകി. സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് സുബൈർ വധം എന്ന് പൊലീസ് പറയുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് സഞ്ജിത്തിന്റെ സുഹൃത്തായ രമേശ് ആണ്. കൂടുതൽ പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുപിന്നിൽ സുബൈറിന് പങ്ക് ഉണ്ടാകുമെന്ന് സഞ്ജിത് നേരത്തെ പറഞ്ഞിരുന്നതായി രമേശിൻറെ മൊഴിയുണ്ടെന്നും പൊലീസ് പറഞ്ഞു.
പാലക്കാട്ടെ രാഷ്ട്രീയകൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണോ എന്നത് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയ ശേഷം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എം പി. സംഭവത്തിൽ കേന്ദ്ര അന്വേഷണം വേണ്ടെന്ന് ഏകപക്ഷീയമായി പറയാനാകില്ല. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ കുടുംബവുമൊത്ത് ദർശനത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി.
കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികൾ ആദ്യം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ എത്തിയതിന്റെ തെളിവ് ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 15ാം തിയ്യതിയാണ് സുബൈർ കൊല്ലപ്പെട്ടത്. 16ന് രാവിലെയാണ് പോസ്റ്റ്മോർട്ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് പ്രതികൾ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. അതേ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം ഉണ്ടായത്. ആശുപത്രിയിൽ നിന്നാണ് പ്രതികൾ ശ്രീനിവാസനെ കൊലപ്പെടുത്താനായി പോയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൂർണമായും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ അവരുടെ മൊബൈൽ ഫോണുകൾ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
അതിനിടെ ശ്രീനിവാസൻ കൊലപാതകത്തിൽ പൊലീസിനെതിരെ ബിജെപി രംഗത്തെത്തി. അന്വേഷണം തൃപ്തികരമല്ലെന്നും ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളെ പിടിക്കുന്നതിൽ പൊലീസ് അനാസ്ഥയുണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ആരോപിച്ചു. കൊലപാതകത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.