26.9 C
Kottayam
Sunday, May 5, 2024

പാലായില്‍ മാണി സി കാപ്പന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

Must read

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. യു.ഡി.എഫ്, എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ഇന്നു പത്രിക സമര്‍പ്പിക്കും. എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും. പതിവുപോലെ പ്രചാരണ രംഗത്ത് എല്‍.ഡി.എഫ്. ആദ്യ ദിനങ്ങളില്‍ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ഇന്നലെ മണ്ഡലത്തിലുടനീളം ഓടിനടന്നു പ്രമുഖ വ്യക്തികളെ കണ്ട സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ഇന്നു പത്രിക സമര്‍പ്പിക്കും. രാവിലെ ആറിന് ളാലം പള്ളിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കും. തുടര്‍ന്നു മാതാപിതാക്കളായ ചെറിയാന്‍ ജെ.കാപ്പന്റെയും ത്രേസ്യാമ്മയുടെയും ശവകുടീരത്തില്‍ പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് രാവിലെ 9 ന് പാലാ ജനറലാശുപത്രി ജംഗ്ഷനില്‍ വ്യാപാരികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം പ്രവിത്താനത്ത് ളാലം ബ്ലോക്ക് ഓഫീസില്‍ വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.

മൂന്നിനു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തുന്നതോടെ പ്രചാരണ രംഗം കൂടുതല്‍ സജീവമാകും. നാലിനു തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സ്ഥാനാര്‍ഥി പാലായില്‍ മത്സരിക്കുമെന്നു തീരുമാനിച്ചുവെങ്കിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഇന്നുണ്ടായേക്കുമെന്നാണ് വിവരം. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന എന്‍.ഡി.എ. യോഗത്തിലാണു മത്സരിക്കാന്‍ തീരുമാനമായത്. കേരളാ കോണ്‍ഗ്രസ് പി.സി.തോമസ് വിഭാവും ബി.ഡി.ജെ.എസും നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസും സീറ്റ് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍. ഹരി, നാരായണന്‍ നമ്പൂതിരി, ജയസൂര്യന്‍,ബിനു പുളിക്കക്കണ്ടം എന്നിവരുടെ പേരുകള്‍ സജീവമായി ചര്‍ച്ചയിലുണ്ട്.

സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നു മുന്നണി നേതൃത്വം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യു.ഡി.എഫില്‍ ചര്‍ച്ച എങ്ങുമെത്തിയില്ല. ഏറ്റവുമൊടുവില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കേരളാ കോണ്‍ഗ്രസ് ഏഴംഗ സമിയിയെ നിയോഗിച്ചിരിക്കുയാണ്. ജോസ് – ജോസഫ് തര്‍ക്കത്തിനു പരിഹാരമാകാത്തതും ജോസ് വിഭാഗത്തിലെ ചില സന്ദേഹങ്ങളും സ്ഥാനാര്‍ഥി നിര്‍ണയം നീളാന്‍ കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ള സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പാലായിലും കോട്ടയത്തും തിരുവനന്തപുരത്തും അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week