KeralaNews

പല പാർട്ടികളിൽ പോയിവന്നയാളല്ല, മുരളീധരന് വിമർശിക്കാൻ അവകാശമില്ല; എല്ലാവരും അപമാനിച്ചു:പത്മജ

ന്യൂഡല്‍ഹി: ബി.ജെ.പി. പ്രവേശത്തില്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍ എം.പിയുടെ വിമര്‍ശനങ്ങള്‍ തള്ളി പത്മജ വേണുഗോപാല്‍. തന്നെ നാണംകെടുത്തിയിട്ടാണ് അവര്‍ തന്നുവെന്ന് പറയുന്ന സ്ഥാനങ്ങളെല്ലാം നല്‍കിയത്. വൈസ് പ്രസിഡന്റായിരുന്ന തന്നെ തരംതാഴ്ത്തി. അര്‍ഹമായ പരിഗണനയാണ് തന്നതെന്ന് പറയുമ്പോള്‍ ചിരിയാണ് വരുന്നത്. നേരിട്ട് ഏറ്റുമുട്ടിയ എല്‍ഡിഎഫിനുപോലും പിതാവ് കെ. കരുണാകരന്‍ കൈകൊടുത്തിട്ടുണ്ട്. താന്‍ കെ. മുരളീധരനെപ്പോലെ പല പാര്‍ട്ടിയില്‍ പോയി വന്ന ആളല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസില്‍ നില്‍ക്കേണ്ടെന്ന തീരുമാനം കഴിഞ്ഞ തിരഞ്ഞെടുപ്പോടെ എടുത്തിരുന്നു. ബിജെപിയുമായി അടുത്തിടെയാണ് സംസാരിച്ചത്. എത്രമാത്രം എന്നെ നടത്തി, നാണംകെടുത്തിയിട്ടാണ് ഇവര്‍ പറയുന്നതെല്ലാം തന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍, വൈസ് പ്രസിഡന്റായ തന്നെ എക്‌സിക്യൂട്ടീവിലേക്ക് തരംതാഴ്ത്തി. നേതൃത്വത്തിലുള്ള ഒരാളെക്കുറിച്ച് പരാതിപ്പെട്ടത് അവര്‍ക്ക് പിടിച്ചില്ല. തൃശ്ശൂരില്‍ ഒരു പോസ്റ്റര്‍വെച്ചാല്‍ പോലും പത്മജയുണ്ടാവില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ ഇല്ലേയെന്ന് ആളുകള്‍ ചോദിച്ചുതുടങ്ങി’, പത്മജ വേണുഗോപാല്‍ പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് മാത്രമാണ് തന്നോട് അല്‍പം സഹതാപം കാണിച്ചത്. അദ്ദേഹം പലപ്പോഴും സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ പലസമയത്തും നിസ്സഹായനായിപോയി. എല്ലാവരും ഒറ്റക്കെട്ടായി തനിക്കെതിരെ നിന്ന് അപമാനിച്ചു. അച്ഛന്റെ മന്ദിരം പണിയുമെന്ന ആഗ്രഹത്തില്‍ എല്ലാം സഹിച്ചുനിന്നു. അതും നടക്കില്ലെന്ന് ഇപ്പോള്‍ മനസിലായി. മരിക്കുന്നതിന് മുമ്പും അച്ഛന് സങ്കടം, മരിച്ചതിന് ശേഷവും അദ്ദേഹത്തെ അപമാനിക്കുന്ന രീതി. കോണ്‍ഗ്രസ് തനിക്ക് അര്‍ഹമായ എല്ലാ പരിഗണനയും തന്നുവെന്ന് പറയുമ്പോള്‍ ചിരിയാണ് വരുന്നതെന്നും പത്മജ പരിഹസിച്ചു.

20-ല്‍ 19 പേരും തോറ്റപ്പോഴാണ് ആദ്യമായി സീറ്റ് തന്നത്. പിന്നീട് രണ്ടുപ്രാവശ്യം സീറ്റ് തന്നപ്പോഴും ഇടതുതരംഗം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചേനെ. വല്ലാതെ പറഞ്ഞാല്‍ രണ്ടുതിരഞ്ഞെടുപ്പിലും തോല്‍പ്പിച്ചവരുടെ ലിസ്റ്റ് എടുത്തുതരാം. അതില്‍ ഒരാള്‍ക്ക് യാതൊരു കാരണവശാലും സ്ഥാനം കൊടുക്കല്ലേ എന്നു പറഞ്ഞു, കൊടുത്താല്‍ ഞാന്‍ അപമാനിക്കപ്പെടുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് തന്നെ സ്ഥാനംകൊടുത്തു. ഇനി അവര്‍ എന്തും പറയും. മറ്റുപാര്‍ട്ടിക്കാര്‍ വോട്ടുചെയ്തതുകൊണ്ടാണെന്ന് തോന്നുന്നു ഞാന്‍ മാന്യമായി തോറ്റത്’, അവര്‍ അഭിപ്രായപ്പെട്ടു.

‘എന്റെ അച്ഛന്‍ ഏറ്റവും കൂടുതല്‍ പോരാടിയത് എല്‍ഡിഎഫിനോടാണ്. അന്ന് ബിജെപിക്ക് ശക്തിയില്ലാത്ത സമയമായിരുന്നു. ഫൈറ്റ് ചെയ്ത എല്‍ഡിഎഫിന് അച്ഛന്‍ കൈകൊടുത്തില്ലേ അവസാനം. അതിന് ഇപ്പോള്‍ ആര്‍ക്കും പരാതിയില്ലേ. ഞാന്‍ മുരളിയേട്ടനെമാതിരി പല പാര്‍ട്ടിയില്‍ പോയി വന്ന ആളല്ല. ജനിച്ചപ്പോള്‍ തൊട്ട് ഇത്രേം വയസ്സുവരെ ഈ പാര്‍ട്ടിയില്‍നിന്ന ആളാണ്. അച്ഛന്‍ പോയിട്ടുപോലും ഞാന്‍ പോയിട്ടില്ല. ആ എന്നെ പറയാന്‍ മുരളിയേട്ടന് ഒരു അവകാശവുമില്ല. ഭര്‍ത്താവിന്റെ അച്ഛന്‍ ഇന്‍കം ടാക്‌സ് കമ്മിഷണറായിരുന്നു. ഇന്‍കം ടാക്‌സ് അടയ്ക്കുന്നതിന് സില്‍വര്‍ കാര്‍ഡുണ്ട് ഭര്‍ത്താവിന്. മറ്റുകാര്യങ്ങള്‍ അന്വേഷിച്ചാല്‍ മനസിലാവുമല്ലോ’, ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് അവര്‍ പ്രതികരിച്ചു.

ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാവുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതൃത്വവുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പത്മജ വ്യക്തമാക്കി. ‘ചാലക്കുടിയെക്കുറിച്ച് അവര്‍ പറഞ്ഞിട്ടില്ല, താന്‍ ആലോചിച്ചിട്ടില്ല. താത്പര്യമില്ല. നേരത്തേ തയ്യാറെടുപ്പ് നടത്തണം, പെട്ടെന്നുപോയി മത്സരിക്കാനൊന്നും പറ്റില്ല. ഒരു ഡിമാന്‍ഡും വെച്ചിട്ടില്ല. എനിക്ക് മനസമാധാനത്തോടെ ജോലി എടുത്താല്‍ മതി’, അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button