28.9 C
Kottayam
Sunday, May 12, 2024

അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്; മുല്ലപ്പള്ളിക്ക് മറുപടിയുമായി പി ജയരാജന്‍

Must read

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കേണ്ടിയിരുന്നത് പി. ജയരാജിനെയായിരുന്നുവെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി പി. ജയരാജന്‍. ഫേസ്ബുക്ക് കുറിപ്പിലെയാണ് അദ്ദേഹം മറുപടി നല്‍കിയത്.

മുല്ലപ്പള്ളിയുടെ ഗുഡ് സര്‍ട്ടിഫിക്കേറ്റ് തനിക്ക് ആവശ്യമില്ലെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് രക്തം കുടിക്കുന്ന ഡ്രാക്കുള എന്ന വിശേഷണമാണ് ഇവര്‍ തനിക്ക് നല്‍കിയതെന്നും ജയരാജന്‍ പറഞ്ഞു. ഈ മാന്യദേഹത്തിന്റെ ഇപ്പോഴത്തെ എന്നെക്കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിനാണ് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും നിങ്ങള്‍ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല എന്റേതെന്നും ജയരാജന്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാര്‍ട്ടി ബന്ധുക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണെന്നും അതിന് വേണ്ടി വച്ച വെള്ളം അങ്ങ് വാങ്ങിവച്ചേക്ക് എന്നും കുറിച്ചാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് ”രക്തം കുടിക്കുന്ന ഡ്രാക്കുള” എന്ന വിശേഷണമാണ് ഇവര്‍ ചാര്‍ത്തിയത്.ഇപ്പോള്‍ അല്‍ഷീമേഴ്സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും.

ഈ മാന്യദേഹത്തിന്റെ ഇപ്പോളത്തെ എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും.നിങ്ങള്‍ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല എന്റേത് ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സംഘടനാപരവുമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്.

പാര്‍ട്ടിയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ്സും രംഗത്തുള്ളത്. ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാര്‍ട്ടി ബന്ധുക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ്. അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week