ഓക്‌സിജന്‍ ക്ഷാമം: ഗോവ മെഡിക്കല്‍ കോളജില്‍ നാലു മണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍

ഗോവ: ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലുമണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍. പുലര്‍ച്ചെ രണ്ടിനും ആറിനും ഇടയിലാണ് മരണങ്ങള്‍ ഉണ്ടായത്. തിങ്കളാഴ്ച വരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായിരുന്നുവെന്നാണ്ആരോഗ്യമന്ത്രി റാണെ അറിയിച്ചത്. സംഭവത്തിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍അന്വേഷണം വേണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു.

1,200 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളിടത്ത് 400 എണ്ണം മാത്രമാണ് ലഭിച്ചത്.മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തില്‍ ക്ഷാമമുണ്ടെങ്കില്‍, അതിന് പരിഹാരമുണ്ടാക്കാന്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വാര്‍ഡുകളിലേക്ക് മതിയായ രീതിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ എത്താത്തതാകാം മരണത്തിന് കാരണമായതെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചത്.

മെഡിക്കല്‍ ഓക്‌സിജന്റെ സുഗമമായ വിതരണം ഉറപ്പാക്കാന്‍ വാര്‍ഡ് തിരിച്ചുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇതിനായി ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും സിലിണ്ടറുകളുടെയും കുറവ് സംസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്റര്‍ രംഗത്തെത്തി. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 110 കോടി രൂപ നല്‍കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. മൂന്ന് എന്‍.ജി.ഒകള്‍ക്കാണ് ഈ തുക കൈമാറുക.

ഇന്ത്യയ്ക്ക് കോവിഡ് പ്രതിരോധത്തിനായി 15 മില്യണ്‍ ഡോളര്‍(110 കോടി രൂപ) നല്‍കുമെന്ന് ട്വിറ്റര്‍ സി.ഇ.ഒ ജാക് ഡൊറോസി അറിയിച്ചു. കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ എന്നീ മൂന്ന് എന്‍.ജി.ഒകള്‍ക്കായിരിക്കും ട്വിറ്റര്‍ പണം കൈമാറുക. കെയറിന് 10 മില്യണ്‍ ഡോളറും മറ്റ് രണ്ട് എന്‍.ജി.ഒ സംഘടനകള്‍ക്കുമായി 2.5 മില്യണ്‍ ഡോളര്‍ വീതവുമാകും ട്വിറ്റര്‍ നല്‍കുക.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ഓക്‌സിജന്‍, കോവിഡ് കെയര്‍ സെന്ററുകളുടെ നിര്‍മ്മാണം എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കും. സേവാ ഇന്റര്‍നാണല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങും. കോവിഡ് കെയര്‍ സെന്ററുകള്‍ നിര്‍മ്മിക്കാനും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങാനുമാകും കെയര്‍ ട്വിറ്റര്‍ നല്‍കുന്ന തുക ചെലവഴിക്കുക.