ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുതയില്ലെന്ന് സുപ്രീംകോടതി. 3-2ന് ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളി. സ്‌പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും സ്‌പെഷ്യല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
സ്‌പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. സ്‌പെഷ്യല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ല. തുല്യതയില്ലാത്ത കാലത്തേക്ക് കൊണ്ടുപോകാനാവില്ല. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതും ആണെന്ന് പറയാനാകില്ല. മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സ്വകാര്യത ഉറപ്പുവരുത്തുക അനിവാര്യമാണ്. സ്പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വരുത്തണോ എന്നത് പാർലമെന്റാണ് തീരുമാനിക്കേണ്ടത്. നിയമം വ്യാഖ്യാനിക്കാനേ കോടതിക്ക് കഴിയൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസിന്റെ വിധിയോട് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗൾ യോജിച്ചു. ബാക്കി മൂന്ന് ജഡ്ജിമാർ ഹർജിയിൽ എതിർപ്പറിയിച്ചു. വിവാഹം മതപരമായ സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമാണെന്നും ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിക്കുന്നില്ലെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു. അഞ്ച് അംഗ ബഞ്ചില്‍ മൂന്ന് പേർ എതിർത്തതോടെ ഹർജികള്‍ സുപ്രീം കോടതി തള്ളി. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ പങ്കാളികൾ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.