ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ 400 ലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് രോഗം കണ്ടെത്തിയത്. ജനുവരി നാല് മുതല്‍ എട്ട് വരെ പാര്‍ലമെന്റിലെ 1,409 ജീവനക്കാരില്‍ 402 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരുടെ സാംപിളുകള്‍ ഒമൈക്രോണ്‍ സ്ഥിരീകരിക്കാനായി ജനിതക പരിശോധനയ്ക്ക് അയച്ചു.
പാര്‍ലമെന്റ് പരിസരത്തിനു പുറത്ത് കോവിഡ് പരിശോധന നടത്തിയവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും ഒട്ടേറെ ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കി. ഇരുസഭകളിലെയും വിവിധ ഉദ്യോഗസ്ഥരും ഐസലേഷനിലാണ്. അതേസമയം, സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
150 ലധികം ജീവനക്കാര്‍ പോസിറ്റീവ് ആകുകയോ അല്ലെങ്കില്‍, ക്വാറന്റൈനിലോ കഴിയുകയാണ്.ഡല്‍ഹിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കോവിഡ് അതിവേഗം പടരുകയാണ്. 750 ലധികം ഡോക്ടര്‍മാര്‍ കൊവിഡ് ബാധിതരായതോടെ പല ആശുപത്രികളും ഒപി പരിശോധന നിര്‍ത്തി വച്ചു. പത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച്ചയ്ക്കിടെ കൊവിഡ് കണ്ടെത്തി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് പടര്‍ന്നതോടെ എയിംസ് ഉള്‍പ്പടെ ദില്ലിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു ദിവസത്തിനിടെ എംയിസില്‍ നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാനൂറിലധികം ആശുപത്രി ജീവനക്കാര്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. 350ലധികം റെസിഡന്റ് ഡോക്ടര്‍മാക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയിംസില്‍ ഒ.പി പരിശോധനകള്‍ നിര്‍ത്തി.
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും തത്ക്കാലം ഏറ്റെടുക്കേണ്ട എന്നാണ് തീരുമാനം. സഫ്ദര്‍ജംഗ്, എല്‍എന്‍ജെപി ഉള്‍പ്പടെയുള്ള പത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ 1300 ല്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. നഴ്‌സുമാരും, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പടെയാണിത്.