30 C
Kottayam
Friday, April 26, 2024

നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി സന്നദ്ധതയറിയിച്ചു, നിർബന്ധിയ്ക്കില്ലെന്ന് രാഹുൽ ഗാന്ധി, അതിരുകൾ ഭേദിച്ച് ഗ്രൂപ്പുവഴക്ക്

Must read

ന്യൂഡൽഹി:നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയെ സന്നദ്ധതയറിയിച്ചെന്ന് സൂചന. നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിയെ നിർബന്ധിക്കില്ലെന്നും സ്വയം തീരുമാനിക്കാമെന്നും രാഹുൽ ​ഗാന്ധി നിലപാടെടുത്തതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇന്ന് അണികൾ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവർത്തകർക്ക് ഉമ്മൻചാണ്ടി ഉറപ്പുനൽകിയിരുന്നു. എന്നാൽ, നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉമ്മൻചാണ്ടി മറുപടി പറഞ്ഞില്ല. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. പുതുപ്പള്ളി വിടില്ലെന്ന് മാത്രമായിരുന്നു ചിരിച്ചുകൊണ്ട് ഉമ്മൻചാണ്ടിയുടെ മറുപടി.

നേമത്ത് പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. എന്നാൽ നിലവിലെ പട്ടികയിൽ തന്‍റെ പേര് പുതുപ്പള്ളിയിലാണ്. നേമത്ത് ആര് മത്സരിക്കണമെന്ന കാര്യത്തിൽ ദേശീയ, സംസ്ഥാനനേതൃത്വങ്ങൾ ഇടപെടില്ല. തന്‍റെ പേര് ആരും നേമത്ത് നിർദേശിച്ചിട്ടില്ല. പുതുപ്പള്ളിയിൽ തന്‍റെ പേര് നിലവിലെ പട്ടികയിൽ അംഗീകരിച്ചുകഴിഞ്ഞെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു.

അതേ സമയം ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുന്നതിനെതിരെ കടുത്ത എതിർപ്പാണ് എ ഗ്രൂപ്പ് ഉയർത്തുന്നത്. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ വീണ്ടും ജനവിധി തേടണം. ഉമ്മൻചാണ്ടി നേമത്ത് പോയാൽ യുഡിഎഫ് കേരളം പിടിക്കുമോയെന്ന് കെ.സി.ജോസഫ് ചോദിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സങ്കീര്‍ണമാക്കിയ പലഘടകങ്ങളിലൊന്ന് കെ.സി.ജോസഫിന് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നായിരുന്നു. വിശ്വസ്തനായ കെ.സി.ജോസഫിന് സീറ്റുറപ്പിക്കാൻ കടുത്ത സമ്മര്‍ദ്ദമാണ് ഉമ്മൻ ചാണ്ടി ചെലുത്തിയത് എന്നാണ് സൂചന. കാഞ്ഞിരപ്പള്ളി സീറ്റിൽ കെസിക്കായി ഉമ്മൻ ചാണ്ടി വാദിച്ചെങ്കിലും ഹൈക്കമാൻഡ് ഇതിനു തടയിട്ടു. ഉമ്മൻ ചാണ്ടി നേമത്ത് ഇറങ്ങുകയാണെങ്കിലും പുതുപ്പള്ളി പിടിക്കാൻ കെ.സി.ജോസഫിനെ എഗ്രൂപ്പ് ഇറക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

അതേസമയം മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിനെ ഉമ്മൻചാണ്ടി പുതുപ്പള്ളിക്ക് വിളിപ്പിച്ചു. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ ലതികാ സുഭാഷിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയിൽ അവരില്ലെന്നാണ് സൂചന. ലതികയെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉമ്മൻ ചാണ്ടി അവരെ കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week