കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ നികുതി കുറിച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവല്ല സംസ്ഥാനം വരുത്തേണ്ടത്. നികുതി ഇളവ് ജനങ്ങൾക്ക് ഉള്ള ഔദാര്യമല്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സര്‍ക്കാര്‍ സന്തോഷിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു.
സർക്കാരിന്‍റെ വാർഷികത്തിന് നൂറ് കോടി വകയിരുത്തിയ സർക്കാർ ആണിത്. ഇന്ധന വിലകുറച്ച കേന്ദ്രത്തിന്‍റെ നടപടി ആശ്വാസമാണ്. പക്ഷെ ഇത് കൊണ്ടായില്ല, സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ആത്മവിശ്വാസ കുറവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തൃക്കാക്കരയിലെ ഇടതു മുന്നണിയുടെ ആത്മവിശ്വാസ കുറവ് ഇ പി ജയരാജന്റെ വാക്കുകളിൽ വ്യക്തമാണ്. കെ റെയിലിൽ സർക്കാർ പിന്നോട്ട് പോയതും ഇതിന് ഉദാഹരണമാണ്. തൃക്കാക്കരയിൽ യുഡിഎഫ് മികച്ച വിജയം നേടും. തൃക്കാക്കരയിൽ മന്ത്രിമാരുടെ ക്യാമ്പ് ചെയ്തുള്ള പ്രചരണം നടക്കുന്നുണ്ട്. ജനാധിപത്യപരമായ പ്രചാരണങ്ങൾ അംഗീകരിക്കും, എന്നാല്‍ അധികാര ദുർവിനിയോഗം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും കുറഞ്ഞ വില ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവിൽ വന്നു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്. കേന്ദ്രം പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോട വിപണിയിൽ പെട്രോൾ വില ലീറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറഞ്ഞു. ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് പെട്രോള്‍ ലീറ്ററിന് 10.52 രൂപയും ഡീസൽ വില 7.40 രൂപയുമാണ് കുറഞ്ഞത്. ആനുപാതിക കുറവല്ലാതെ കേരളം നികുതി കുറയ്ക്കാൻ തയ്യാറായിട്ടില്ല.