കണ്ണൂര്‍: പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ ആകൃഷ്ടനായി എഴുപത്തിയൊന്നു വയസുകാരനായ ഡോക്ടര്‍ക്ക് ഒന്നേകാല്‍ കോടി നഷ്ടമായെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. 2024-ജനുവരി രണ്ടു മുതല്‍ മാര്‍ച്ചു മാസം വരെയുളള കാലയളവിലാണ് ജോലിയില്‍ നിന്നും വിരമിച്ച ഡോക്ടറുടെ പണം നഷ്ടമായത്.
പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വാട്സ് ആപ്പില്‍ കണ്ട സന്ദേശത്തെ തുടര്‍ന്ന് തട്ടിപ്പു സംഘം നല്‍കിയ ലിങ്കില്‍ ക്ളിക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പു സംഘം ആദ്യം കുറച്ചു പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ ലാഭവിഹിതം തിരിച്ചു നല്‍കി പിന്നീട് ഇരട്ടി തുക നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും നിക്ഷേപിച്ച പണമോ ലാഭവിഹിതമോ ലഭിച്ചിട്ടില്ലെന്ന പരാതിയില്‍ പറയുന്നു. ഡോക്ടറുടെ പരാതിയില്‍ സൈബര്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. പരാതിക്കാരന്റെ വിവരങ്ങള്‍ വെളിപ്പെടുത്താതെയാണ് രഹസ്യാന്വേഷണം നടത്തുന്നത്.
ഒരു ഫോണ്‍ കോളിലൂടെ വാട്സ് ആപ്പ് അക്കൗണ്ടുകള്‍ കൈക്കലാക്കി സൈബര്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കണ്ണൂര്‍ സൈബര്‍ സി. ഐ അറിയിച്ചു. ഡിജിറ്റല്‍ ലോകത്തില്‍ ഇടപെടല്‍ നടത്തുമ്പോള്‍ കണ്ണൂം മനസും തുറന്നിരിക്കേണ്ടത് അത്യാവശ്യമാണ്. ആര്‍ക്കും സംശയം തോന്നാത്ത ഫോണ്‍ വിളികളോടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ഇരകളെ വലയിലാക്കുന്നത്.
ഇതോടൊപ്പം മറ്റൊരു ഡിവൈസില്‍ ഫോണ്‍ കോള്‍ സ്വീകരിക്കുന്നവരുടെ നമ്പറിന്റെ വാട്സ് ആപ്പ് രജിസ്ട്രേഷനും ആരംഭിക്കും. കോള്‍ അടിസ്ഥാനമാക്കി വാട്സ് ആപ്പ് ആക്ടിവേഷന്‍ ഓപ്ഷനുണ്ടാക്കിയാണ് തട്ടിപ്പു നടത്തുകയെന്നു സൈബര്‍ പൊലിസ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ സൈബര്‍ തട്ടിപ്പു വ്യാപകമാക്കുന്ന സാഹചര്യത്തില്‍ പൊലിസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.