Featuredhome bannerHome-bannerNews

അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിൽ എത്തി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നില്‍ എത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങുന്നത്. ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് വിലാപയാത്ര നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ നിന്ന് നാട്ടുകാര്‍ കാല്‍നടയായി ആംബുലൻസിനെ അനുഗമിക്കും. ഈ സ്ഥലത്ത് നിന്ന് 4-5 കിലോമീറ്ററാണ് അര്‍ജുന്‍റെ വീട്ടിലേക്ക് ദൂരമുള്ളത്. ആളുകള്‍ വീടുവരെ നടന്ന് വരും. ആദ്യം വീടിനകത്ത് ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം മൃതദേഹം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ വിട്ടുകൊടുക്കും. പിന്നീട് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.

കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.

കുടുംബം പോറ്റാനായി വളയം പിടിച്ച് ജീവിതവഴികൾ തേടിയ അർജുൻ മുഴുവൻ മലയാളികളുടെയും നൊമ്പരമായിട്ടാണ് രണ്ടര മാസം കഴിഞ്ഞ്‌ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് തിരിച്ചു വരുന്നത്. പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തിൽ തന്നെ അർജുന് കൂട്ട്. കൂലിപ്പണിക്കാരനായ അച്ഛൻ, അമ്മ രണ്ടു സഹോദരിമാർ ഒരു അനിയൻ ഇവരെയെല്ലാം ചുമലിലേറ്റാനാണ് കണ്ണാടിക്കൽ പ്രേമന്റെയും ഷീലയുടെയും മകൻ അർജുൻ പ്ലസ് ടു വിന് ശേഷം ഒരു തുണിഷോപ്പിൽ ജോലി നോക്കിയത്. പിന്നെ ഇടയ്ക്കിടെ പെയിന്റിംഗ്. മറ്റ് ജോലികൾ. 

പതിനാറാം വയസിൽ വളയം തൊട്ട അർജുൻ ഇരുപതാം വയസിൽ വലിയ വാഹനം ഓടിച്ചു തുടങ്ങി. മൂത്ത ചേച്ചിയുടെ വിവാഹം. അനുജത്തിയുടെയും അനുജന്റെയും പഠനം, പുതിയ  വീട് തുടങ്ങി കുടുംബത്തിന്റെ സാക്ഷാത്കരിക്കപ്പെട്ട എല്ലാ സ്വപ്നങ്ങളിലും അർജുന്റെ ചെറുപ്രായത്തിലെ അധ്വാനത്തിന്റെ വിയർപ്പുറ്റിയിരുന്നു. ഇതിനിടയിൽ ജീവിതസഖിയായി കൃഷ്ണപ്രിയ. ജീവിത യാത്രയിൽ മറ്റൊരു സന്തോഷവുമായി മകനുമെത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളയം പിടിക്കുമ്പോൾ വാഹനത്തിൽ പലപ്പോഴും അർജുൻ ഒറ്റക്കായിരുന്നു. ദിവസങ്ങൾക്ക് ശേഷമായിരിക്കും വീട്ടിലേക്കുള്ള സാധനങ്ങളും കളിപ്പാട്ടങ്ങളുമായുള്ള തിരിച്ചു വരവ്. ഏതു പ്രതിസന്ധിയിൽപ്പെട്ടാലും മകൻ തിരിച്ചു വരുമെന്നൊരു ഉറപ്പുണ്ടായിരുന്നു ആ അച്ഛന്.  അത് ക്രമേണ മങ്ങി മങ്ങി ഒടുവിൽ വരില്ലെന്ന് മനസ് പറഞ്ഞു പഠിപ്പിച്ചിട്ടും അത്ഭുതം സംഭവിക്കുമെന്ന് ആ മനുഷ്യൻ സ്വപ്നം കണ്ടിട്ടുണ്ടാകാം. കുടുംബം പുലർത്താൻ വഴികൾ ഒറ്റയ്ക്ക് വെട്ടിത്തെളിച്ച അർജുൻ തിരിച്ചെത്തുകയാണ്. കണ്ണാടിക്കലെ വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ലോകത്തിന്റെ മുഴുവൻ സ്നേഹവും പ്രാർത്ഥനയുമുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker