ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ (29) ആണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തു നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറി ഇറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി. കൊട്ടാരക്കര ബാർ അസോസിയേഷനിലെ അഭിഭാഷകയാണ് മരിച്ച കൃപ. ഭർത്താവ് കൊല്ലം പൂയപ്പള്ളി അഖിൽ നിവാസിൽ അഖിൽ ജിത്തിനെ നിസാര പരുക്കുകളോടെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News