KeralaNews

ഓൺലൈൻ ഫ്രാഞ്ചൈസി നൽകാമെന്ന പേ രിൽ തട്ടിപ്പ്: കോട്ടയത്ത് ഒരാൾ പിടിയിൽ


കോട്ടയം:ഓൺലൈൻ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം,അഞ്ചൽ താഴമേൽ ഭാഗത്ത് വൈകുണ്ടം വീട്ടിൽ പ്രദീപ് ജി.നമ്പൂതിരി (37) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പേരൂർ സ്വദേശിയായ യുവാവിൽ നിന്നും 2021 മുതൽ പലതവണകളായി 5,68,000/- രൂപ തട്ടിയെടുക്കുകയായിരുന്നു. GNR IT Online service India PVT limitted എന്ന സ്ഥാപനം വഴി ഗവൺമെന്റ് / ഗവൺമെന്റ് ഇതര ഓൺലൈൻ സർവീസുകൾ നടത്തുന്നതിന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഫ്രാഞ്ചൈസികൾ യുവാവിന്റെ പേരിൽ നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്.

യുവാവിന് ഫ്രാഞ്ചൈസി ലഭിക്കാത്തതിനെത്തുടർന്ന് പണം തിരികെ ആവശ്യപ്പെടുകയും, എന്നാൽ പണം നൽകാതെ വണ്ടിചെക്ക് നൽകി ഇയാള കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിനോടുവിൽ ഇയാളെ നാഗർകോവിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്ക് കൊല്ലം അഞ്ചൽ, അർത്തുങ്കൽ, പുൽപ്പള്ളി, കൂത്തുപറമ്പ്, പുതുക്കാട്, താമരശ്ശേരി, കോട്ടയ്ക്കൽ, കായംകുളം എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു.ശ്രീജിത്ത്, എസ്.ഐ അനിൽകുമാർ എ.എസ്, സി.പി.ഓ അനികുട്ടൻ വി.സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button