സംസ്ഥാനത്ത് ഉള്ളി വില റോക്കറ്റ് പോലെ കുതിക്കുന്നു; കിലോയ്ക്ക് 100 രൂപ കടന്നു

കൊച്ചി: രാജ്യത്ത് കടുത്ത ക്ഷാമം നേരിടുന്നതിന് പിന്നാലെ സംസ്ഥാനത്ത് ഉള്ളി വില 100 പിന്നിട്ടു. ഉള്ളി കിലോഗ്രാമിന് 100 രൂപയും വെളുത്തുള്ളി 200 രൂപയും ചെറിയ ഉള്ളി 130-140 രൂപയുമായാണ് ഉയര്‍ന്നിരിക്കുന്നത്. നവംബര്‍ ആദ്യവാരത്തില്‍ ഉത്തരേന്ത്യയില്‍ ചില്ലറ വില്‍പ്പനയില്‍ ഉള്ളി വില നൂറ് രൂപയില്‍ എത്തിയിരുന്നെങ്കിലും കേരളത്തില്‍ 70-80 രൂപ വരെയായിരുന്നു. ഉള്ളിയുടെ വിലയില്‍ ഉണ്ടായ വര്‍ധന നേരിടാന്‍ കയറ്റുമതി നിയന്ത്രിച്ചത് വേണ്ടത്ര ഫലം കണ്ടില്ല.

ഒക്ടോബറില്‍ കിലോഗ്രാമിന് അമ്പത് രൂപ ഉണ്ടായിരുന്ന സവാള വിലയാണ് തൊട്ടടുത്ത മാസം 100 രൂപയില്‍ എത്തിയിരിക്കുന്നത്. തുടര്‍ദിവസങ്ങളില്‍ ഉള്ളി വിലയില്‍ വര്‍ധന തുടരുമെന്നാണ് അറിയുന്നത്. ലഭ്യതക്കുറവിന് പുറമേ ട്രാന്‍സ്പോര്‍ട്ടേഷന്‍, ലേബര്‍ ചാര്‍ജില്‍ ഉണ്ടായ വര്‍ധനയും ഉള്ളി വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഗുണ നിലവാരം കുറഞ്ഞ സവാള 80-90 രൂപാ നിരക്കില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലുണ്ട്.

കേരളത്തിന് പുറമേ തമിഴ്നാട്ടിലും വെള്ളിയാഴ്ച കിലോഗ്രാമിന് നൂറ് രൂപയാണ് സവാളയുടെ വില. ഉള്ളിയുടെ വില കൂടിയത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആന്ധ്രയില്‍ നിന്നും നാസിക്കില്‍ നിന്നും ബംഗളൂരുവില്‍ നിന്നും ഉള്ളിയെത്തുന്നതില്‍ നല്ല കുറവ് വന്നിട്ടുണ്ട്. സ്റ്റോക്ക് ചെയ്ത ഉള്ളിയാണ് പലയിടത്തും ലഭ്യമാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News