ഗാന്ധിനഗറില്‍ റിട്ടയേഡ് എസ്.ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; തലയ്ക്ക് പിന്നില്‍ മുറിവേറ്റ പാട്, അയല്‍വാസി കസ്റ്റഡിയില്‍
കോട്ടയം: ഗാന്ധിനഗറില്‍ റിട്ട. എസ്.ഐയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ ആയിരുന്ന തെള്ളകം മുടിയൂര്‍ക്കര പറയന്‍ കാവില്‍ ശശിധരനെ (62) യാണ് ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ശശിധരന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലയ്ക്ക് പിന്നില്‍ കണ്ട അസ്വാഭാവിക മുറിവാണ് സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ത്തിയത്. എന്നാല്‍ കൃത്യമായ മരണകാരണം ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകൂ. തിങ്കളാഴ്ച അയര്‍ലന്‍ഡില്‍ മക്കളുടെ അടുത്തേക്ക് പോകാന്‍ ഇരിക്കെയാണ് ശശിധരന്റെ മരണം.
പുലര്‍ച്ചെ വീട്ടില്‍ നടക്കാനിറങ്ങിയ ശശിധരനെ വീടിന് മീറ്ററുകള്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദ്രോഗിയായ ശശിധരന്‍ ഇതേതുടര്‍ന്ന് മരിച്ചതാണെന്ന് സംശയത്തിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടത്തിയ പോലീസ് സംഘമാണ് അസ്വഭാവികമായ രീതിയില്‍ തലയ്ക്ക് പിന്നില്‍ ഏറ്റ മുറിവ് ശ്രദ്ധിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.