ന്യൂഡല്‍ഹി: ഐതിഹാസികമായ കര്‍ഷക സമരത്തിന് ഇന്ന് ഒരു വയസ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ തുടങ്ങിയ സമരമാണ് പിന്നീട് രാജ്യമാകെ കത്തിപ്പടര്‍ന്നത്. കര്‍ഷകസമരത്തിന്റെ ഒന്നാംവാര്‍ഷികമായ ഇന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുയാണ് കര്‍ഷക സംഘടനകള്‍.
സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകരെ എത്തിച്ചാകും പ്രതിഷേധം. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളിലേയ്ക്കെത്തും. ഒന്നാം വാര്‍ഷികം കണക്കിലെടുത്ത് വന്‍സുരക്ഷയാണ് ഗാസിപൂരിലും സിംഗുവിലുമടക്കം ഒരുക്കിയിരിക്കുന്നത്.
വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും മിനിമം താങ്ങുവില ഉള്‍പ്പെടെ ആറ് ആവശ്യങ്ങളില്‍ തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കൃഷി ചെലവിന്റെ ഒന്നര ഇരട്ടി വരുമാനം കര്‍ഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കര്‍ഷകരുടെ ആറ് ആവശ്യങ്ങള്‍ കാണിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ മറുപടികൂടി പരിഗണിച്ചാകും കര്‍ഷകസമരം തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നാളെ സിംഗുവില്‍ ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ നിലവിലെ സാഹചര്യവും വിലയിരുത്തും. കഴിഞ്ഞ വര്‍ഷം നവംബര്‍ 26നായിരുന്നു വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ‘ഡല്‍ഹി ചലോ’ മാര്‍ച്ചുമായി അതിര്‍ത്തികളിലെത്തിയത്.