പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ്. ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ഓടെ ശ്രീനഗറില്‍നിന്ന് 43 കിലോമീറ്റര്‍ അകലെ ബന്ദ്‌സൂ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുല്‍വാമ പോലീസും സിആര്‍പിഎഫ് 182 ബറ്റാലിയനും രാഷ്ട്രീയ റൈഫിള്‍സും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്.

പോലീസിന്റെയും സുരക്ഷാസനേയുടേയും സംയുക്ത പട്രോളിംഗിനിടെ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് ഭീകരന്‍ കൊല്ലപ്പെട്ട വിവരം കശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ ആണ് വ്യക്തമാക്കിയത്. ആയുധങ്ങളും സ്ഥലത്ത് കണ്ടെത്തി. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.

ഗുരുതരമായി പരുക്കേറ്റ സിആര്‍പിഎഫ് ഹെഡ്കോണ്‍സ്റ്റബിളാണ് മരിച്ചത്. വെടിവയ്പ്പിലാണ് ഇദ്ദേഹത്തിന് പരുക്കേറ്റത്. മരിച്ച തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് സേനകളുടെ സംയുക്തമായ തെരച്ചില്‍ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News