സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; 10 പേര്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു.

ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു. ന്യൂമോണിയ ബാധിതനായ വസന്തകുമാറിന് ഇന്നലെ രാത്രിയില്‍ ഹൃദയാഘാതം സംഭവിച്ചിരുന്നു ഇതേ തുടര്‍ന്നാണ് മരണം. വസന്തകുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു.

എറണാകുളത്തുനിന്നു ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ മരുന്ന് കഴിഞ്ഞ ദിവസം അടിയന്തരമായി എത്തിച്ചിരുന്നു. എന്നാല്‍ ഈ ശ്രമങ്ങള്‍ക്കൊന്നും വസന്തകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വസന്ത് കുമാറിന്റെ സമാന അവസ്ഥയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഒരു കോവിഡ് രോഗി കൂടി ചികിത്സയിലുണ്ടെന്നതും ആശങ്കയാണ്.

കഴിഞ്ഞ 10 ന് ഡല്‍ഹി നിസാമുദ്ദീനില്‍നിന്ന് ട്രെയിനിലാണ് വസന്തകുമാര്‍ നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണം പ്രകടിപ്പിച്ചതോടെ 17 ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാനത്ത് 10 പേര്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരും കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്. കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ മരണങ്ങള്‍ പരമാവധി ഇല്ലാതാക്കാന്‍ സംസ്ഥാനത്തിന് സാധിച്ചെങ്കിലും മൂന്നാം ഘട്ടത്തില്‍ ഇതിന് സാധിക്കുന്നില്ലെന്നതും ആശങ്ക ഉയര്‍ത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News