തിരുവനന്തപുരം: നിങ്ങള്‍ക്ക് അപരിചിതമായ വിദേശ നമ്പറുകളില്‍ നിന്ന് തുടര്‍ച്ചയായി മിസ്ഡ് കോളുകള്‍ വരുന്നുണ്ടോ? ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചാല്‍ എട്ടിന്റെ പണി കിട്ടും. ‘വണ്‍ റിങ് ഫോണ്‍ സ്‌കാം’ അഥവാ വാന്‍ഗിറി തട്ടിപ്പെന്നാ് ഇതിന്റെ പേര്. വര്‍ഷങ്ങളായി ടെലികോം രംഗത്തു നടന്നുവരുന്ന തട്ടിപ്പാണ് വീണ്ടും കേരളത്തില്‍ വ്യാപകമാകുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ മലയാളികളായ ഒട്ടേറെപ്പേര്‍ക്ക് വിദേശനമ്പറുകളില്‍ നിന്ന് കോള്‍ വന്നുകൊണ്ടിരിക്കുകയാണ്. +372, +43, +44, +591 തുടങ്ങി ഒട്ടേറെ വിചിത്രമായ നമ്പറുകളില്‍നിന്നാണ് ഈ മിസ്ഡ് കോളുകള്‍ എത്തുന്നത്. ഫോണില്‍ ഐഎസ്ഡി സേവനം ഉപയോഗിക്കുന്നവരാണെങ്കിലേ പണം നഷ്ടമാകൂ.
തട്ടിപ്പുകാരന്‍ ചില രാജ്യങ്ങളിലെ പ്രീമിയം നിരക്കുകള്‍ ഈടാക്കാവുന്ന നമ്പറുകള്‍ (ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന മാര്‍ക്കറ്റിങ് കോളുകള്‍ക്കു സമാനം) സ്വന്തമാക്കും. ഇവ കണ്ടെത്തുക അസാധ്യമാണ്. കംപ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ്‌വെയറിലൂടെ അസംഖ്യം ഫോണ്‍ നമ്പറുകളിലേക്ക് ഈ നമ്പറില്‍നിന്നു വിളിയെത്തും.
ഒറ്റ ബെല്ലില്‍ കോള്‍ അവസാനിക്കും. മിസ്ഡ് കോള്‍ ലഭിക്കുന്നവരില്‍ ചിലരെങ്കിലും തിരികെ വിളിക്കും.
എന്നാല്‍ കോളെത്തുന്നതു പ്രീമിയം നമ്പറിലേക്കാണ്. സാധാരണ ഐഎസ്ഡി നിരക്കുകളേക്കാള്‍ വളരെ കൂടുതലാണ് ഇതിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്നത്. കോള്‍ സ്വീകരിക്കുന്നതു തട്ടിപ്പുകാരന്റെ കംപ്യൂട്ടറായിരിക്കും. റിക്കോര്‍ഡ് ചെയ്തുവച്ച പാട്ടുകള്‍, വോയിസ് മെസേജുകള്‍ എന്നിവയാകും കേള്‍ക്കുക. പരമാവധി സമയം കോള്‍ നീട്ടിയാല്‍ തട്ടിപ്പുകാരനു കൂടുതല്‍ ലാഭം.
ഡയല്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന റിങ് ശബ്ദം പോലും നേരത്തേ റിക്കോര്‍ഡ് ചെയ്തു വച്ചതാകാം. ബെല്ലടിക്കുന്നതേയുള്ളൂ എന്നു കരുതി നമ്മള്‍ കാത്തിരിക്കും. പോസ്റ്റ്‌പെയ്ഡ് കണക്ഷനാണെങ്കില്‍ ബില്‍ വരുമ്പോള്‍ ഞെട്ടും. അതുകൊണ്ടുതന്നെ പരിചയമില്ലാത്ത രാജ്യാന്തര നമ്പറുകളിലേക്കു തിരിച്ചു വിളിക്കാതിരിക്കുക. ഇന്ത്യയുടെ രാജ്യാന്തര കോഡ് ആയ +91 ഒഴികെ മറ്റു കോഡുകളിലുള്ള കോളുകളില്‍ നിന്നു മിസ്ഡ് കോളുകള്‍, എസ്എംഎസുകള്‍ കണ്ടാല്‍ ജാഗ്രത പാലിക്കുക. അറിയാതെ തിരികെ വിളിച്ചാല്‍ ഉടന്‍ കോള്‍ കട്ട് ചെയ്യുക. അപരിചിതര്‍ വിളിച്ചാല്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക.