കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി; കണ്ണൂരിലെ ആദിവാസി യുവതിയെ മരണം കൊലപാതകം, സുഹൃത്ത് അറസ്റ്റില്‍

കണ്ണൂര്‍: കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകം. കേസില്‍ യുവതിയുടെ സുഹൃത്തും പെരുവ സ്വദേശിയുമായ ബിബിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 28നാണ് താഴെ മന്ദംചേരി സ്വദേശിനിയായ ശോഭയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 24നാണ് ശോഭയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം മുപ്പത്തിനാലുകാരിയായ ശോഭയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തോലമ്പ്ര പുരളിമല കുറിച്യ കോളനിക്ക് സമീപത്തെ ആളൊഴിഞ്ഞ കശുമാവിന്‍ തോട്ടത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരിന്നു.

ശോഭയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശോഭയും ബിബിനും തമ്മില്‍ ഏറെക്കാലമായി സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ശോഭയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം കെട്ടിത്തൂക്കി എന്നുമാണ് പ്രതിയുടെ മൊഴി. ശോഭയുടെ ആഭരണങ്ങള്‍ സംഭവസ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഫോണും ബിബിന്‍ കൈക്കലാക്കിയിരുന്നു.

ശോഭയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇരുപത്തിയഞ്ചുകാരനായ ബിബിന്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് ശോഭയുടെ ബന്ധുക്കളുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News